വഖഫ് സ്വത്തുക്കളുടെ ഫലപ്രദമായ വിനിയോഗത്തിന് കര്‍മ്മ പദ്ധതി മുന്നോട്ട് വെക്കണം: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
കോട്ടയം: പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന തരത്തില്‍ മഹല്ലുകളുടെ ശാക്തീകരണത്തിന് വഖഫ് സ്വത്തുക്കള്‍ ഫലപ്രദമായി വിനിയോഗിക്കാനുതകുന്ന കര്‍മ്മപദ്ധതികള്‍ മുന്നോട്ടു വക്കാന്‍ കഴിയണമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ മുസ്‌ലിം പള്ളി ,മദ്രസ,ധര്‍മ്മ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗങ്ങള്‍ക്കായി സംസ്ഥാന വഖഫ്‌ബോര്‍ഡ് സംഘടിപ്പിച്ച വഖഫ് മുത്തവല്ലി ബോധവല്‍കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വഖഫ് സ്വത്തുക്കള്‍ സമുദായ പുരോഗതിക്കായി ഉപയോഗിക്കാന്‍ കൃത്യമായ ആസൂത്രണം വേണം. വരുമാന വര്‍ധനക്കായി നിലവിലുള്ള സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം. വഖഫ് സ്വത്തുക്കള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍ ബോര്‍ഡിന്റെ അധിക സമയവും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി വിനിയോഗിക്കേണ്ടിവരികയാണ്.
മഹല്ല് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ ഇല്ലാതാക്കി ഐക്യത്തോടെ മുന്നേറാന്‍ മഹല്ല് സംവിധാനം നേതൃപരമായ പങ്ക് വഹിക്കണം. വിവിധ ധന സഹായങ്ങള്‍ നേടിയെടുക്കാന്‍ അംഗങ്ങള്‍ക്ക് ബോധവല്‍കരണം നടത്തണം. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ നല്‍കുന്ന ധന സഹായം നേടിയെടുക്കാന്‍ അനുയോജ്യമായ പ്രൊജക്റ്റുകള്‍ യഥാ സമയം തയ്യാറാക്കി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളില്‍ കൂടിയ സംഗമത്തില്‍ വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി മായിന്‍ഹാജി അധ്യക്ഷനായി. മെമ്പര്‍മാരായ അഡ്വ: പി.വി സൈനുദീന്‍, അഡ്വ: എം ഷറഫുദീന്‍, അഡ്വ: ഫാത്തിമ റോസ്‌ന സംസാരിച്ചു. വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ സാദിഖ് സ്വാഗതവും കോട്ടയം ഡിവിഷ്ണല്‍ ഓഫീസര്‍ പി.കെ ജലീല്‍ നന്ദിയും പറഞ്ഞു.
വഖഫ് നിയമങ്ങളെയും ബോര്‍ഡിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളെയും വഖഫ് പ്രോപ്പര്‍ട്ടീസ് ലീസ് റൂള്‍സിനെയും പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. വഖഫ് വരവ് ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചും പരിശിലനം നല്‍കി. മഹല്ലുകളുടെ പുരോഗതി ഉതകുന്ന ചര്‍ച്ചകളും നടന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."