സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; യുവാവ് അറസ്റ്റില്‍
രാജാക്കാട്: ബീവറേജസ് കോര്പറേഷന് മദ്യവില്പനശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കുടില്‍ പുത്തന്‍പറമ്പില്‍ അമലി(22)നെയാണ് രാജാക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലുള്‍പ്പെട്ട ഒന്നാം പ്രതി ചെരിപുറം സ്വദേശി അരുണ്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ രാജാക്കാട് ബീവറേജസ് മദ്യവില്പനശാലയില് മദ്യം വാങ്ങാനെത്തിയ ഇരുവരും ക്യൂ നില്‍ക്കാതെ കൗണ്ടറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ സമയം ഇവിടെയെത്തിയ സെക്യൂരിറ്റി ജീവനക്കാരന് ആന്റണി ഇവരോട് ക്യൂവില്‍ നില്ക്കാനാവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ട പ്രതികള്‍ ഇയാളെ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ രാജാക്കാട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തിയതോടെ രണ്ട് പ്രതികളും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അമല്‍ സമീപത്ത് തന്നെയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. പൊലിസും നാട്ടുകാരും ചേര്‍ന്ന് അമലിനെ കിണറ്റില്‍ നിന്നും കരയ്ക്ക് കയറ്റി. സര്‍ക്കാര്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണത്തില്‍ തടസം നിന്നതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഒന്നാംപ്രതിക്കായി പൊലിസ് തിരച്ചില്‍ ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."