നഗരസഭയില്‍ മരാമത്തു പണികള്‍ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച
തൊടുപുഴ: നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മരാമത്തു പണികള്‍ പകുതി പോലും ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം.
വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മരാമത്തുവേലകളുടെ പൊതുസ്ഥിതി അവതരിപ്പിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ബഹളം വച്ചു. വൈസ് ചെയര്‍മാന്റെ അടക്കം ചിലരുടെ വാര്‍ഡുകളില്‍ മാത്രമാണ് പണികള്‍ മുറയ്ക്ക് നടന്നതെന്ന വിമര്‍ശനം പല കൗണ്‍സിലര്‍മാരും ഉയര്‍ത്തി. കെ.കെ. ആര്‍ റഷീദ്, പി.വി ഷിബു, എം.കെ ഷാഹുല്‍ ഹമീദ്, സബീന ബിഞ്ചു, ബിന്‍സി അലി, രേണുക രാജശേഖരന്‍, കെ.ഗോപാലകൃഷ്ണന്‍, ജിഷ ബിനു തുടങ്ങിയ കൗണ്‍സിലര്‍മാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ചില കരാറുകാരെ ഓര്‍വര്‍സിയര്‍മാര്‍ക്ക് ഭയമാണെന്ന് എം.കെ ഷാഹുല്‍ഹമീദ് ആരോപിച്ചു.
മെയ് 10നുള്ളില്‍ എല്ലാ വാര്‍ഡുകളിലെയും ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും മറ്റു ജോലികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു അസിസ്റ്റന്റ് എന്‍ജിനിയറുടെ മറുപടി. എന്നാല്‍, പണികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഇ തയാറായില്ല. ഇത് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി.13 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് പത്തുദിവസം മുന്‍പ് നോട്ടീസ് നല്‍കിയാണ് ഈ യോഗം വിളിച്ചതെന്നും അതിന്റെ ഗൗരവം അനുസരിച്ച് മറുപടി നല്‍കാന്‍ തയാറാകാത്തത് നഗരസഭയിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും ആര്‍.ഹരി തുറന്നടിച്ചു. മാര്‍ച്ച് 31നു പദ്ധതി അവസാനിച്ചതാണ്. അതിനു മുന്‍പ് എത്ര പ്രവൃത്തികള്‍ ചെയ്‌തെന്നും പൂര്‍ത്തിയാക്കാത്തത് എത്രയെന്നും വ്യക്തമാക്കണം.
കരാര്‍ ഒപ്പിട്ട ശേഷം ആരംഭിക്കാത്തത്, കരാര്‍ പോലും വെയ്ക്കാത്തത് എന്നിങ്ങനെ കണക്കുകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാറിന്റെ പകര്‍പ്പ് കാണിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. 107 ശതമാനം പദ്ധതിച്ചെലവെന്ന് അവകാശപ്പെടുന്ന തൊടുപുഴ നഗരസഭയില്‍ വെറും 57.8 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂവെന്നും ആര്‍. ഹരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഗരസഭയില്‍ കരാറുകാരെ വിളിച്ചു ചേര്‍ത്ത് സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണെ അറിയിക്കാതിരുന്നത് തെറ്റാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
ചെയര്‍മാനും വൈസ് ചെയര്‍മാനും ആ യോഗത്തില്‍ പങ്കെടുത്തെങ്കിലും കാര്യമുണ്ടായില്ല. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മരാമത്ത് പണികളുടെ സ്ഥിതി സംബന്ധിച്ച് സുതാര്യമായ കണക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ, മരാമത്ത് പണികളുടെ തല്‍സ്ഥിതി കണക്ക് ലഭ്യമാക്കതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ഇറങ്ങിപ്പോയി. നിര്‍മാണസാമഗ്രികളുടെ അഭാവവും ചില കരാറുകാര്‍ പണി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതുമാണ് പണികള്‍ക്ക് തടസമെന്നു വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ മറുപടി നല്‍കി.
എന്നാല്‍, നിര്‍മാണ സാമഗ്രികള്‍ എത്തിക്കാമെന്ന് അറിയിച്ചിട്ടും പണി ആരംഭിക്കാത്ത സ്ഥിതിയുണ്ടെന്ന് കെ.കെ.ആര്‍ റഷീദ് പറഞ്ഞു. എത്രയും വേഗം പണികള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കൗണ്‍സിലര്‍മാരുടെ നീക്കം. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."