അങ്ങാടിപ്പുറത്ത് അഗ്‌നിബാധ; വാഹനങ്ങള്‍ നശിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ഇന്നലെയുണ്ടണ്ടായ വന്‍ അഗ്‌നിബാധയില്‍ ടൗണിനു സമീപത്തെ എ.എം ഹോണ്ട സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. ഇവിടത്തെ നാല്‍പതു വാഹനങ്ങളും കത്തിനശിച്ചു.
രാവിലെ ആറോടെയാണ് സ്ഥാപനത്തില്‍നിന്നു പുക ഉയരുന്നതു സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഷീറ്റുകൊണ്ടുള്ള ഇരുനില കെട്ടിടത്തിനകത്തെ ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഭാഗം കത്തുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടെതെങ്കിലും ഉള്‍വശത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്‌നിശമനസേന സ്ഥലത്തെത്തുന്നതിനു മുന്‍പുതന്നെ എല്ലാം കത്തി നശിച്ചിരുന്നു. ഇവിടെ സര്‍വിസ് സെന്ററില്‍ സര്‍വിസിനെത്തിച്ച ഇരുപതു വാഹനങ്ങളും ഇരുപതു പുതിയ വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഡിസ്‌പ്ലേ വാഹനങ്ങളെക്കൂടാതെ മുകളിലെ നിലയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളെല്ലാം കത്തി. ഓഫിസിലെ എ.സികള്‍, കംപ്യൂട്ടര്‍, കസേര, മേശ, ഫൈബര്‍ സീലിങ്, സ്‌പെയര്‍ ഗോഡൗണ്‍ എന്നിവയും നശിച്ചു. തീ അണയ്ക്കുന്നതിനിടെ സ്‌പെയര്‍ പരിസരത്തെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
വാഹനങ്ങള്‍ ഉണ്ടായിരുന്ന മുകള്‍ നിലയിലേക്കു തീ പടരുമ്പോഴേക്കും നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റി. പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ രണ്ടു മണിക്കൂറോളമെടുത്താണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."