സരസ്‌മേളയില്‍ ഹരിയാന ആഭരണങ്ങളുമായി പെണ്‍കരുത്ത്
പാലക്കാട്: ഹരിയാനയിലെ ഉള്‍ഗ്രാമത്തിലെ വീടുകളില്‍ നിന്നും സ്ത്രീകളെ പുറത്തേക്കിറക്കിയ വനിതയാണ് സുഷമറാണി. അടുക്കളയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സ്ത്രീകളെ സ്വന്തമായി തൊഴില്‍ ചെയ്യാന്‍ പ്രചോദനമായ ഈ സ്ത്രീരത്‌നം ഇന്ന് ഹരിയാന ആഭരണങ്ങളുമായി സരസ് മേളയിലെ സ്റ്റാളില്‍ ഉണ്ട്.
ഇന്ത്യന്‍ തലസ്ഥാനത്തിനെ ചുറ്റികിടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ ഗേടി ഗ്രാമത്തിലേക്ക് വിവാഹം കഴിച്ച് വന്ന സ്ത്രീയാണ് സുഷമ റാണി. സ്ത്രീകള്‍ എല്ലാം മുഖം മറച്ച് മാത്രം കാണപ്പെടുന്ന ഗ്രാമമായിരുന്നു ഗേടി. അവിടുത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. പട്ടണത്തില്‍ പഠിച്ച് വളര്‍ന്ന സുഷമക്ക് അത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. ഗ്രാമത്തിലെ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടി.
സുഷമ വളരെയധികം ഇരുന്ന് ആലോചിച്ച ശേഷമാണ് ഒരു തീരുമാനമെടുത്തത്. പത്ത് വര്‍ഷം മുന്‍പാണത്. ഗ്രാമത്തിലെ സ്ത്രീകളെയെല്ലാം കൂട്ടി എന്തെങ്കിലും സംരംഭം തുടങ്ങുക. സ്വയം മുന്‍കൈ എടുക്കാതെ ഒന്നും നടക്കില്ലെന്ന് ബോധ്യമായി.
തുടക്കത്തില്‍ മാസം തോറും അന്‍പത് രൂപ വീതവും പിന്നീട് മാസം 500 രൂപ എന്ന നിരക്കിലും ശേഖരിച്ച് ഒരു ഉരുളക്കിഴങ്ങ് ചിപ്‌സ് യൂനിറ്റ് തുടങ്ങി. സുഷമയും ഭര്‍ത്താവ് മുകേഷ് കുമാറുമായി യോജിച്ച് ഗേടി ഗ്രാമത്തില്‍ ഒരു മേള സംഘടിപ്പിച്ചു.
ഹരിയാനയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് അതോറിറ്റിയെപറ്റിയും സ്വയം സഹായസംഘങ്ങളെക്കുറിച്ചും അറിയുന്നത് ഈ മേളയിലാണ്.
ഹരിയാനയിലെ പഞ്ച്ഗുലയിലാണ് ഡി.ആര്‍.ഡി.എയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വയം സഹായ സംഘം തുടങ്ങി. പ്രഗതി എന്ന പേരില്‍ ഒരു യൂനിറ്റും തുടങ്ങി. ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍ ടെഡിബിയര്‍, ബാഗുകള്‍, ഉരുളക്കിഴങ്ങ് ചിപ്‌സ് നിര്‍മിച്ച് വില്‍പ്പന തുടങ്ങി. ഗേടി ഗ്രാമത്തിലെ നൂറിലധികം സ്ത്രീകള്‍ ഇന്ന് വീട്ടില്‍തന്നെ ഇരുന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. ഹരിയാനക്ക് അകത്തും പുറത്തുമായി ഇവരുടെ ഉല്‍പ്പന്നങ്ങല്‍ വിറ്റഴിയുന്നു. വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം തുല്യമായി പങ്കിട്ടെടുക്കും.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഹരിയാന സ്റ്റേറ്റ് ലൈവ്‌ലിഹുഡ് റൂറല്‍ മിഷന്‍ പദ്ധതിയില്‍ രാധേ രാധേ എന്ന പേരില്‍ ഇവര്‍ ഒരു സംഘം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മേളകളില്‍ പങ്കെടുത്ത് ഹരിയാന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് സുഷമറാണി.
ഹരിയാനയുടെ തനതായ കല്ല് ഉപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങളാണ് സരസ് മേളയുടെ സ്റ്റാളില്‍ വില്‍പ്പനക്കായി വെച്ചിരിക്കുന്നത്. തന്റെ നാട്ടിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ ഹരിയാനക്കാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."