ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സിന്റെ ഉദ്ഘാടനം 9ന്
പൂച്ചാക്കല്‍: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സിന്റെ ഉദ്ഘാടനം ഒന്‍പതിന് 11.30ന് പാണാവള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പാണാവള്ളിയില്‍ ജലഗതാഗത വകുപ്പിന്റെ പുതിയ ബോട്ട്‌സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നുണ്ട്. അതോടൊപ്പം ജല ആംബുലന്‍സിന്റെയും ഉദ്ഘാടനം നടത്തും.
പാണാവള്ളി ബോട്ട് സ്റ്റേഷന്‍ പരിധിയില്‍ പെരുമ്പളം ദ്വീപിനായി അനുവദിച്ച ജല ആംബുലന്‍സാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ മൂന്നും എറണാകുളം, കൊല്ലം ജില്ലകളിലായി ഓരോന്നുമായി ആകെ അഞ്ച് ജല ആംബുലന്‍സുകള്‍ അനുവദിക്കുന്നതിനാണ് പദ്ധതിയുള്ളത്. എന്നാല്‍ അതില്‍ ഒന്നു മാത്രമെ നിര്‍മാണവും റജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടുള്ളു.
അത് പാണാവള്ളിയ്ക്ക് അനുവദിക്കുകയാണെന്നു ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. ഇതില്‍ ജോലി ചെയ്യേണ്ട ജീവനക്കാരുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നു പാണാവള്ളി ബോട്ട് സ്റ്റേഷന്‍ മാസ്റ്ററോട് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പ്രഥമ ശുശ്രൂഷ, കായലിലേക്കു ചാടല്‍, നീന്തല്‍, മുങ്ങിത്തപ്പല്‍, ഇതിനൊക്കെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കല്‍, ജല ആംബുലന്‍സിന്റെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനാണ് ജീവനക്കാരുടെ വിവരങ്ങള്‍ തേടിയത്. പെരുമ്പളം ദ്വീപ് നിവാസികളുടെ ജീവിതത്തിന് കൂടുതല്‍ ധൈര്യം പകര്‍ന്നാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സ് എത്തുന്നത്.
അപകടവും അസുഖവും ഉണ്ടായി നിശ്ചിത സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാനാവാതെ ദ്വീപ് നിവാസികള്‍ മരിക്കുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ പെരുമ്പളം ദ്വീപില്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ ദ്വീപില്‍ രാത്രിയില്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഗുരുതര അപകടമോ, അസുഖമോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടാണ് ഉപയോഗിക്കുന്നത്. അതിന്റെ വേഗത്തിന് പരിധിയുള്ളതിനാല്‍ പ്രവര്‍ത്തനം പൂര്‍ണമായും തൃപ്തികരമല്ല.
പെരുമ്പളം ദ്വീപില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജല ആംബുലന്‍സ് ഉണ്ടായിരുന്നതാണ്. ഫൈബറിന്റെ വേഗ ബോട്ടാണ് ജല ആംബുലന്‍സായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്. അതിന്റെ പരിപാലനവും ഡ്രൈവര്‍ക്കു ശമ്പളവും നല്‍കാനും പഞ്ചായത്തിന്റെ വരുമാനക്കുറവു മൂലം സാധിക്കാതെ വന്നതോടെ ജല ആംബുലന്‍സ് ഉപയോഗിക്കാതെ നശിച്ചു. എന്നാല്‍ പുതിയ ജല ആംബുലന്‍സിന്റെ പരിപാലനം ജലഗതാഗത വകുപ്പാണ് ചെയ്യുന്നത്. ജല ഗതാഗത വകുപ്പ് ജീവനക്കാര്‍ തന്നെയാവും ജല ആംബുലന്‍സില്‍ ജോലി ചെയ്യുന്നതും.
പാണാവള്ളി ബോട്ട് സ്റ്റേഷന്റെയും ജല ആംബുലന്‍സിന്റെയും ഉദ്ഘാടനത്തോട് അനുബന്ധിച്ചു ഇന്നലെ എ.എം. ആരിഫ് എംഎല്‍എ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ബോട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട അവസാനഘട്ട ജോലികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. നിലവിലുള്ള ബോട്ടുകള്‍ക്ക് എന്തെങ്കിലും അറ്റകുറ്റപണികളുണ്ടെങ്കില്‍ അത് ചെയ്യുന്നതിനും സുരക്ഷ പ്രശ്‌നങ്ങളില്ലാതെ ബോട്ട് സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടന സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."