ആനയെ വിറ്റതായുള്ള ആരോപണം: തെളിവെടുപ്പ് നടത്തി
ഹരിപ്പാട്: മൂടയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഹരികൃഷ്ണന്‍ എന്ന ആനയെ കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റതായുള്ള ഭക്തജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ എന്‍.ഗണേശന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30 ഓടെ തെളിവെടുപ്പ് നടത്തി.
2007 ഡിസംബര്‍ 21 ന് ആണ് ഹരികൃഷ്ണനെ നടയ്ക്കിരുത്തിയത്. ഭക്തജനക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആനയെ വിലയ്ക്കു വാങ്ങുവാനുള്ള പണം സ്വരൂപിച്ചത്. പാപ്പാന്മാരുടെ നോട്ടക്കുറവും ചെറുപ്രായത്തില്‍ തന്നെ തടിപിടിപ്പിക്കുവാന്‍ കൊണ്ടുപോയതിനാലും മറ്റുമാണ് ആനയുടെ വലതു കൊമ്പിന് കേടുവന്നതും തുടര്‍ന്ന് ഊരിപ്പോയതും.
ഇടത്തേ കൊമ്പിനും ചെറിയ തകരാറുള്ളതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നാണ് ആനയെ തിരുവനന്തപുരം സ്വദേശിയായ വിശ്വാസ് വി.നായര്‍ക്ക് കൈമാറിയതും അത് വിറ്റതാണെന്നും ആരോപണം ഉയര്‍ന്നത്.
ഒരു വര്‍ഷം മുമ്പും പാലാ സ്വദേശികള്‍ക്ക് ആനയെ വില്‍ക്കുവാന്‍ ശ്രമമുണ്ടായെന്നും അന്നും, ഭക്തജനങ്ങള്‍ എതിര്‍ത്തതിനാലാണ് നടക്കാതെ പോയതെന്നും പറയപ്പെടുന്നു.
ആനയ്ക്ക് കാന്‍സര്‍ പിടിപെട്ടിരിയ്ക്കുകയാണെന്ന് പാപ്പാന്മാര്‍ ഭക്തജനങ്ങളേയും ദേവസ്വം കമ്മറ്റിയേയും തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. ഇതിനെ തുടര്‍ന്നാണ് ആനയുടെ തുടര്‍പരിപാലനം ദേവസ്വത്തിന് ബുദ്ധിമുട്ടും ബാധ്യതയുമായി തീരുമെന്ന് കണ്ട് ശുദ്ധജലവും തുടര്‍പരിപാലനവും ഉറപ്പാക്കിക്കൊണ്ട് തിരുവനന്തപുരം സ്വദേശിക്ക് കൈമാറിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അസി. ഫോറസ്റ്റ് ഓഫീസര്‍മാരായ ജി.രാധാകൃഷ്ണന്‍, കെ.അനില്‍കുമാര്‍, ഐ.ദിലീപ് എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."