ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ അരുണ്‍രാജിന്റെ കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യമന്ത്രി
കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു.
പ്രിയപ്പെട്ട മകന്റെ മരണത്തില്‍ വേദനിക്കുന്ന കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. ഒപ്പം തീവ്ര ദുഃഖത്തിലും മറ്റുള്ളവരിലൂടെ മകന്‍ ജീവിച്ച് കാണാനായി കൈ ഉള്‍പ്പെടെയുള്ള അവയങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇവരുടെ കുടുംബത്തിന് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
തന്റെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ സ്വീകരിച്ചവരെ ഒന്ന് കാണണമെന്ന് നിറ കണ്ണുകളോടെ അമ്മ സീത മന്ത്രിയോടാവശ്യപ്പെട്ടു. അവയവങ്ങള്‍ ദാനം ചെയ്ത എല്ലാവരുടേയും ശസ്ത്രക്രിയകള്‍ വിജയമാണെന്നും അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയുമാണെന്നും മന്ത്രി അറിയിച്ചു. വളരെ ദാരിദ്രാവസ്ഥയിലുള്ള കുടുംബമാണ് അരുണ്‍ രാജിന്റേത്. അച്ഛന്‍ രാജന്‍ തൊട്ടടുത്തുള്ള ചായക്കടയിലാണ് ജോലി ചെയ്യുന്നത്. അരുണ്‍രാജ് നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു. ജോലിതേടി സിംഗപൂരില്‍ പോയ അനുജനായ അഖില്‍രാജ് മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയിരുന്നു.
സുഹൃത്തായ വിഷ്ണുവും അങ്കമാലി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണുമായ എം.എ ഗ്രേസി ടീച്ചറുമാണ് അവയവദാനത്തിനായി വീട്ടുകാരോട് പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ആ കൈകള്‍ ഉപകാരപ്പെടുമെങ്കില്‍ അതുമാകട്ടെയെന്നാണ് ആ വീട്ടുകാര്‍ പറഞ്ഞത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കൈകള്‍, പാന്‍ക്രിയാസ്, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്തത് ആദ്യത്തെ സംഭവമാണ്.
ഹൃദയം ലഭിച്ച ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19 കാന്റെ ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൈകളും കരളും ഒരു വൃക്കയും ലഭിച്ച കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ശസ്ത്രക്രിയകള്‍ വളരെ വിജയമായിരുന്നു.
കണ്ണുകള്‍ ലഭിച്ച ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികളും ഒരു വൃക്ക ലഭിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിയും സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രികള്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. റോജി ജോണ്‍ എം.എല്‍.എ, ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി ടീച്ചര്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ്, വാര്‍ഡ് കൗണ്‍സില്‍, രാഷ്ട്രീയ കക്ഷി നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."