നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത: മന്ത്രി ജി.സുധാകരന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന്
സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-നഞ്ചന്‍കോട്് റെയില്‍പാതക്ക് കര്‍ണാടകയുടെ അനുമതി സംബന്ധിച്ച് മന്ത്രി ജി.സുധാകരന്‍ വീണ്ടും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആക്ഷേപം. ബുധനാഴ്ച എം ഉമ്മര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ റെയില്‍വേ കടന്നുപോകുന്നതിനെതിരെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ടെന്നും അതിനാല്‍ പുതിയ അലൈന്‍മെന്റ് തയാറാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു എന്നും മന്ത്രി പറഞ്ഞത്.
കര്‍ണ്ണാടക തടസമുന്നയിക്കുന്നതിനാലാണ് നഞ്ചന്‍കോട് -നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാനാവാത്തത് എന്നാണ് മന്ത്രി പലപ്പോഴായി ആവര്‍ത്തിക്കുന്നത്. എന്നാല്‍ കര്‍ണ്ണാടകയിലെ വനത്തില്‍ തുരങ്കത്തിലൂടെയാണ് റയില്‍പാത കടന്നുപോകുന്നതെങ്കില്‍ സര്‍വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സമ്മതമാണ് എന്നറിയിച്ചുകൊണ്ട് 2017 നവംബര്‍ എട്ടിന് കര്‍ണ്ണാടക വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി കേരളാ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കും കത്ത് നല്‍കിയിട്ടുണ്ട്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ 18.8.17ന് ഉന്നയിച്ച സബ്മിഷന് മന്ത്രി ജി സുധാകരന്‍ നഞ്ചന്‍കോട്്-നിലമ്പൂര്‍ പാതക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ എതിരാണെന്നും കര്‍ണ്ണാടകയാണ് കേരളത്തിന്റെ ശത്രു എന്നും നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും നീലഗിരി വയനാട് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും 28.2.17ന് ഇതിന്റെ നിജസ്ഥിതി അറിയാനായി കര്‍ണ്ണാടക വനംവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ തുരങ്കം വഴിയുള്ള റയില്‍പാതക്ക് കര്‍ണ്ണാടകക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും മന്ത്രി സൂചിപ്പിച്ച വിജ്ഞാപനം റയില്‍പാതക്ക് തടസമല്ലെ ന്നും അഡീ. ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഈ വിവരം അദ്ദേഹം കേരളാ സര്‍ക്കാരിനെയും അറിയിച്ചു. കത്തിന്റെ പകര്‍പ്പ് എം.എല്‍.എ മന്ത്രിക്കും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാതയുടെ പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണെന്നും അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എന്നാല്‍ ഇതിനാവശ്യമായ അപേക്ഷ കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് കര്‍ണ്ണാടക സര്‍ക്കാറിന് നല്‍കണമെന്നുമാണ് കര്‍ണ്ണാടക അഡീ. ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ കേരള സര്‍ക്കാര്‍ ഈ കത്ത് പൂഴ്ത്തിവെച്ച് കര്‍ണ്ണാടകയെ കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. കേരളത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്നതും കേന്ദ്ര അനുമതി ലഭിച്ചതുമായ നഞ്ചന്‍കോട്്-നിലമ്പൂര്‍ പാതയെ അട്ടിമറിച്ചാണ് തലശ്ശേരി-മൈസൂര്‍ പാത നടപ്പാക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നത്. എന്നാല്‍ ഈ പാത പ്രായോഗികമല്ലെന്ന ഡി.എം.ആര്‍.സിയുടെ റിപ്പോര്‍ട്ട് മറികടക്കാന്‍ ഒന്നര കോടി രൂപ നല്‍കി കൊങ്കണ്‍ റയില്‍വേയെക്കൊണ്ട് ഒന്‍പത് ദിവസം മാത്രമെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിച്ചു.
കുടകില്‍ നടന്ന വന്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് തലശ്ശേരി-മൈസൂര്‍ പാത നടപ്പാക്കില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കേരളാ സര്‍ക്കാര്‍ ഇപ്പോഴും ആ പാതക്കുള്ള നടപടിയുമായി മുമ്പോട്ട് പോവുകയാണ്. ഡി.എം.ആര്‍.സിയെ മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ടുവന്ന് നഞ്ചന്‍കോട്്-നിലമ്പൂര്‍ പാത തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."