ഇന്ന് ലോക കായികദിനം: വയനാടിന്റെ അഭിമാനതാരങ്ങള്‍
വികസന കാര്യത്തില്‍ കാലാകാലങ്ങളായി കിതപ്പ് തുടരുമ്പോഴും നാടിന് അഭിമാനമായി കായികമേഖലയില്‍ വയനാടന്‍ താരങ്ങള്‍ കുതിപ്പ് തുടരുകയാണ്. ദേശീയ, അന്തര്‍ദേശീയ മെഡലുകള്‍വരെ സമീപകാലത്തായി
ജില്ലയുടെ കായിക താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള ചെറുവിവരണം.
ടി. ഗോപി
ചുരത്തിന് മുകളിലെ വയല്‍നാടിന്റെ ഖ്യാതി മാലോകരെ അറിയിച്ചവന്‍. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ലോകത്തെ മികച്ച 150 താരങ്ങള്‍ക്കൊപ്പം മത്സരിച്ച് 25ാമനായി ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയവും കുറിച്ച തോന്നക്കല്‍ ഗോപി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയപ്പോള്‍ ജന്മനാടും ആവേശത്തിലായിരുന്നു. തൊട്ടുപിന്നാലെ പൈനയില്‍ നടന്ന ഏഷ്യന്‍ മാരത്തന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കൊയ്ത് രാജ്യത്തിനൊപ്പം വയനാടിനെയും ഗോപി അഭിമാനത്തിന്റെ പരകോടിയിലെത്തിച്ചു. 2016 ജനുവരിയില്‍ നടന്ന മുംബൈ മാരത്തണിലാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സ്വപ്നയോട്ടം ഗോപി നടത്തിയത്. രണ്ടു മണിക്കൂര്‍ 16 മിനിറ്റ് 15 സെക്കന്റില്‍ മത്സരത്തില്‍ രണ്ടാമതെത്തിയ ഗോപിക്ക് ഒളിമ്പിക്‌സിലേക്കുള്ള വഴിയും തുറന്നു. 2016ല്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും 10000 മീറ്ററില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ഈ പട്ടാളക്കാരന്‍.
അഖിന്‍ സത്താര്‍
സൗത്ത് സോണ്‍ ക്രിക്കറ്റ് ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വയനാട്ടുകാരനാണ് കാര്യമ്പാടിക്കാരന്‍ അഖിന്‍ സത്താര്‍. കേരളത്തില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച മൂന്നുപേരില്‍ ഒരാളാണ് അഖിന്‍. വലംകയ്യന്‍ പേസ് ബൗളറായ അഖിന്‍ ആക്ഷന്‍ കൊണ്ടും പന്തിനെ സ്വിംഗ് ചെയ്യുന്ന കാര്യത്തിലും ഗ്ലെന്‍ മഗ്രാത്താണ്. അണ്ടര്‍ 14 ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ അഖിന്റെ വേഗതക്ക് മുന്നില്‍ എതിര്‍ ടീമുകളെല്ലാം പതറി. ചാമ്പ്യന്‍ഷിപ്പില്‍ 16 വിക്കറ്റുകള്‍ നേടിയാണ് അഖിന്‍ വരവറിയിച്ചത്.
സജന സജീവന്‍
കേരളത്തിന്റെ വനിതകള്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ മുന്നില്‍ നിന്ന് പട നയിച്ച വയനാടിന്റെ അഭിമാനമാണ് കേരള അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ സജന സജീവന്‍. ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് സജനയുടെ സമ്പാദ്യം. കേരളത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതും സജനയാണ്.
ഒ.പി ജയ്ഷ
ദീര്‍ഘദൂര ഓട്ടത്തില്‍ ഇന്ത്യയിലെ മികച്ച കായിക താരമായ ഒ.പി ജയ്ഷയും വയനാടന്‍ മലമടക്കുകളില്‍ നിന്നാണ് രാജ്യത്തിന്റെ ഭൂപടത്തിലേക്ക് ഇറങ്ങിയത്. 1998ല്‍ കേരളോത്സവത്തില്‍ പങ്കെടുത്തതായിരുന്നു ജയ്ഷയുടെ അരങ്ങേറ്റം. 2006 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ദോഹ ഏഷ്യാഡില്‍ വെങ്കലം നേടി. ഇപ്പോള്‍ മാരത്തണിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അജിന്‍ ടോം
രാജ്യം ആതിഥ്യമരുളിയ അണ്ടര്‍-17 ലോകകപ്പില്‍ വയനാടിന്റെ പ്രതീക്ഷയായി അവസാന നിമിശം വരെ ഇന്ത്യന്‍ ക്യാംപില്‍ സാനിധ്യമറിയിച്ച നടവയലുകാരന്‍. നടവയലിലെ സെപ്റ്റ് അക്കാദമിയുടെ കണ്ടെത്തലായിരുന്നു അജിന്‍ ടോമെന്ന ഈ മിടുക്കന്‍. അവസാന 18ല്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും കാല്‍പന്തു കളിയില്‍ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് താനെന്ന് തെളിയിച്ച അജിനെ തേടി ഐ.എസ്.എല്ലിലെ ഇത്തവണത്തെ ചാമ്പന്‍മാരായ ചെന്നൈയ്യന്‍ എഫ്.സി എത്തിയിരുന്നു. കേരളത്തിനായി അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും ഈ മിടുക്കന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.
അനുമോള്‍ ബേബി
വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ സാനിധ്യമറിയിച്ച ആദ്യതാരമാണ് അനുമോള്‍ ബേബിയെന്ന വലംകയ്യന്‍ ഓള്‍റൗണ്ടര്‍. അന്ന് കളത്തില്‍ തിളങ്ങിയ അനുമോളിന്ന് തിളങ്ങുന്നത് കളത്തിന് പുറത്താണ്. കേരളത്തിന്റെ സെലക്ടര്‍മാരില്‍ ഒരാളാണ് കൃഷിവകുപ്പിലെ ജീവനക്കാരി കൂടിയായ അനുമോള്‍. ടി20 ടീമിന്റെ കേരള ക്യാപ്റ്റനായും അനുമോള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അണ്ടര്‍-19, സീനിയര്‍ കേരള ടീമില്‍ നിറസാനിധ്യമായിരുന്ന അനുമോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ ആദ്യമായി ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാരാക്കിയ നായിക കൂടിയാണ്. തുടര്‍ച്ചയായി ആറുവര്‍ഷം യൂനിവേഴ്‌സിറ്റിക്കായി പാഡണിഞ്ഞ അനുമോള്‍ പിന്നീട് വയനാട് ക്രിക്കറ്റ് ടീമിന്റെ കോച്ചായും തിളങ്ങി.
സുശാന്ത് മാത്യൂ
വയനാടന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം കേരളക്കര കടത്തിയവന്‍ സുശാന്ത് മാത്യു. അമ്പലവയലില്‍ നിന്ന് കാല്‍പന്തുകളിയെ പ്രണയിച്ച് ഇന്ത്യയിലെ ഏതാണ്ടെല്ലാ ക്ലബുകള്‍ക്കുമായി ബൂട്ടുകെട്ടിയവന്‍. ഐ.എസ്.എല്‍ 2014 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മഴവില്ലഴകുള്ള ഗോള്‍ നേടി കാണികളെ കയ്യിലെടുത്തവന്‍. സെമിഫൈനലില്‍ ചെന്നൈയ്യന്‍ എഫ്.സിക്കെതിരെയായിരുന്നു സുശാന്തിന്റെ ഈ മിന്നും ഗോള്‍. നിലവില്‍ ഐ ലീഗിലെ കേരളത്തിന്റെ അഭിമാന ടീമായ ഗോകുലം എഫ്.സിയുടെ കപ്പിത്താന്‍ കൂടിയാണ് ഈ അമ്പലവയലുകാരന്‍.
അലക്‌സ് സജി
കേരളത്തിന്റെ മഞ്ഞപ്പടയുടെ ഭാവിതാരമാണ് മീനങ്ങാടിക്കാരന്‍ അലക്‌സ് സജി.
പ്രതിരോധത്തില്‍ കോട്ടകെട്ടുന്ന അലക്‌സ് അണ്ടര്‍-18 ഐ ലീഗിലും സെക്കന്റ് ഡിവിഷന്‍ ഐ ലീഗിലും ബാസ്‌റ്റേഴ്‌സിനായി പന്തുതട്ടുന്നുണ്ട്. വയനാട് ജില്ലാ ടീമില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ജഴ്‌സിയണിഞ്ഞ അലക്‌സ് മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയുടെ കണ്ടെത്തലുകളിലൊന്നാണ്. നാല് വര്‍ഷം കേരളത്തിനായും ഈ മിടുക്കന്‍ ബൂട്ടുകെട്ടി. ഗോകുലം എഫ്.സിയുടെ അണ്ടര്‍-13 താരമാണ് നിലവില്‍ അലന്‍.
മിന്നു മണി
അണ്ടര്‍-23 വിനിതാ ക്രിക്കറ്റ് ടീം ചരിത്രം തിരുത്തിക്കുറിച്ച ചാമ്പ്യന്‍ഷിപ്പില്‍ ബാറ്റ് കൊണ്ടായിരുന്നു മിന്നുമണിയുടെ പ്രകടനം.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 93 റണ്ണെടുത്ത മിന്നുമണിയാണ് കേരളത്തിന്റെ രണ്ടാംടോപ് സ്‌കോറര്‍.
കഴിഞ്ഞ തവണത്തെ മികച്ച വനിതാ യുവതാരത്തിനുള്ള പുരസ്‌കാരവും ഈ ഒണ്ടയങ്ങാടിക്കാരിയുടെ ഷെല്‍ഫിലാണുള്ളത്. ഇപ്പോള്‍ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
മാമലനാടിന്
റോളര്‍ സ്‌കേറ്റിങും വഴങ്ങും
കല്‍പ്പറ്റ: നഗരങ്ങളില്‍ സുപരിചിതമായ റോളര്‍ സ്‌കേറ്റിങും മാമലനാടിന് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജില്ലയിലെ റോളര്‍ സ്‌കേറ്റിങ് താരങ്ങള്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ചെന്നൈയില്‍ നടന്ന 55-ാമത് നാഷനല്‍ റോളര്‍ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ റോളര്‍ സ്‌കേറ്റിങ് സ്പീഡ് സ്ലാലം ഇനത്തില്‍ വെങ്കലം നേടിയതാണ് റോളര്‍ സ്‌കേറ്റിലെ ജില്ലയുടെ ഒടുവിലത്തെ നേട്ടം. സുല്‍ത്താന്‍ ബത്തേരി-തൊടുവെട്ടി സ്വദേശി കുഞ്ഞുമോന്‍-ജെസി ദമ്പതികളുടെ മകനും ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ഡോണ്‍ കുഞ്ഞുമോനാണ് നാടിന് അഭിമാനര്‍ഹമായ നേട്ടം കൊയ്തത്. 2016ല്‍ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന റോളര്‍ സേക്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മീനങ്ങാടിക്കാരിയായ പ്രാര്‍ഥന ജിശാന്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. അണ്ടര്‍ 12 വിഭാഗത്തില്‍ 100 മീറ്റര്‍ സ്പ്രിന്റ് റോഡ് ഇനത്തിലായിരുന്നു പ്രാര്‍ഥനയുടെ നേട്ടം. 2017ല്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളുകളുടെ സംസ്ഥാന മീറ്റിലും പ്രാര്‍ഥന രണ്ടാം സ്ഥാനം നേടിയിരുന്നു. നേട്ടങ്ങള്‍ക്കിടയിലും പരിശീലന സൗകര്യങ്ങളുടെ അഭാവമാണ് ജില്ലയിലെ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വയനാടന്‍ വീരഗാഥ
പുല്‍പ്പള്ളി: കഴിഞ്ഞ മാസം 29, 30 തിയതികളില്‍ ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ നടത്തിയ ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് നേട്ടം. കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. വാള്‍പ്പയറ്റ് സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ നിതിന്‍ ബാബു, കിരണ്‍സായി ടീം ഒന്നാം സ്ഥാനം നേടി. അന്‍പത് കിലോഗ്രാമില്‍താഴെ ഓപ്പണ്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ അതുല്‍ കൃഷ്ണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മെയ്പ്പയറ്റ് വ്യക്തിഗതത്തില്‍ നിതിന്‍ ബാബുവിനാണ് ഒന്നാം സ്ഥാനം. പുല്‍പ്പള്ളി ജിജി കളരിസംഘത്തിലെ കെ.സി. കുട്ടികൃഷ്ണന്‍ ഗുരുക്കളാണ് ഇവരുടെ പരിശീലകന്‍. മത്സരങ്ങളില്‍ കേരളം ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. കര്‍ണ്ണാടയ്ക്കാണ് രണ്ടാം സ്ഥാനം. 15 സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം മത്സരാര്‍ഥികള്‍ കളരിപ്പയറ്റില്‍ മാറ്റുരച്ചു.
തയാറാക്കിയത്
നിസാം. കെ മുഹമ്മദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."