നിഷാന്തിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം: കൊടിക്കുന്നില്‍
കൊല്ലം: സ്‌കൂള്‍ വരാന്തയിലെ തൂണ് തലയില്‍ പതിച്ച് മരണമടഞ്ഞ മുഖത്തല എം.ജി.ടി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌കൂളിന്റെ അറ്റകുറ്റപണികള്‍ നടത്തി അപകടം ഒഴിവാക്കുന്നതിന് പകരം നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഇതിന് ഒരു പാവപ്പെട്ട ബാലന്റെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച സ്ഥലം എം.എല്‍.എ കൂടിയായ ജെ. മെഴ്‌സിക്കുട്ടിയമ്മ ജീവന്‍ നഷ്ടപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് എം.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."