കൂട്ടുപുഴ പാലം: കര്‍ണാടകയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: കൂട്ടുപുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.കെ ശ്രീമതി എം.പി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം കര്‍ണാടക വനം വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തലശ്ശേരി-മൈസൂരു അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായി വരുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവൃത്തി കര്‍ണാടക വനം വകുപ്പ് ഉന്നയിച്ച തടസവാദത്തിന്റെ ഫലമായി പ്രതിസന്ധിയിലായിരുന്നു. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്ററോളം സ്ഥലം കൈയേറിയാണ് നിര്‍മാണം നടത്തുന്നതെന്ന് ആരോപിച്ചാണ് പാലത്തിന്റെ നിര്‍മാണം തടഞ്ഞുകൊണ്ട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്ത് നല്‍കിയത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെട്ടുവെങ്കിലും കര്‍ണാടക വനം വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചില്ല. കണ്ണൂര്‍ ജില്ലയേയും കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ കൂര്‍ഗ് ജില്ലയേയും ബന്ധിപ്പിക്കുന്ന ഈ അന്തര്‍സംസ്ഥാന പാത കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്പെടുന്നതും വ്യാപകമായി ഉപയോഗപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും റവന്യു-ഫോറസ്റ്റ് അധികാരികളുടെ സാന്നിധ്യത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി-വനം വകുപ്പ് മന്ത്രിക്ക് പി.കെ ശ്രീമതി എം.പി നല്‍കിയ നിവേദനത്തിനുള്ള മറുപടിയായി കര്‍ണാടകയോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."