വ്യാപാരികളുടെ പ്രതിഷേധം: കന്റോണ്‍മെന്റിന്റെ ലേലം തടസപ്പെട്ടു
കണ്ണൂര്‍: ഹൈക്കോടതി വിധി മറികടന്ന് കന്റോണ്‍മെന്റ് അധികൃതര്‍ ലേല നടപടികളുമായി മുന്നോട്ടു പോകുന്നതിനെതിരേ വ്യാപാരികളും സൈനിക ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കടകളുടെ ലേല നടപടികള്‍ തടസപ്പെട്ടു. കന്റോണ്‍മെന്റ് സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ലേല നടപടികളാണ് വ്യാപാരികള്‍ തടഞ്ഞത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാന്‍ രണ്ടുദിവസത്തിനകം കന്റോണ്‍മെന്റ് ബോര്‍ഡ് ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ പി.കെ ശ്രീമതി എം.പിയുടെ നേതൃത്വത്തില്‍ കമാന്‍ഡന്റിന് നിവേദനം നല്‍കി.
ഇന്നലെ രാവിലെ പത്തോടെയാണ് സി.ഇ.ഒ വിനോദ് വിഘ്‌നേശ്വര്‍ ലേല നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വ്യാപാരികള്‍ ലേലം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി സ്ഥലത്ത് നിലയുറപ്പിച്ചു. സ്ഥലത്തെത്തിയ എം.പി സി.ഇ.ഒയോട് നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിച്ചില്ല. 20 മിനിറ്റിലേറെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് കന്റോണ്‍മെന്റ് ഓഫിസിന് പുറത്തെത്തിയ എം.പി നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാഷ്ട്രീയഭേദമന്യേ കുത്തിയിരിപ്പ് സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30ഓടെ കമാന്‍ഡന്റ് അജയ് ശര്‍മ്മ സ്ഥലത്തെത്തി ലേല നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് അടച്ചിട്ട കടകള്‍ തുറന്നതോടെ പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ കണ്ണൂര്‍ സിറ്റി സി.ഐ കെ.വി പ്രമോദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ എം.പിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.വി സലീം അധ്യക്ഷനായി.
നേതാക്കളായ വി. ഗോപിനാഥ്, രാജന്‍, എം.എ ഹമീദ് ഹാജി, പങ്കജവല്ലി, പി.എം സുഗുണന്‍ സംസാരിച്ചു. കന്റോണ്‍മെന്റ് ബോര്‍ഡിനു കീഴിലുള്ള 35ഓളം വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുനീങ്ങുകയായിരുന്ന കന്റോണ്‍മെന്റ് നടപടിക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."