കണ്ണൂര്‍ വിമാനത്താവളം: ആറു റോഡുകള്‍ നാലുവരിപ്പാതയാകുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്നതിനിടെ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാലുവരിയായി വികസിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നു.
തലശ്ശേരി കൊടുവള്ളി ഗേറ്റ്-മമ്പറം എയര്‍പോര്‍ട്ട് റോഡ് 24.50 കിലോമീറ്റര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ് 52.20 കിലോമീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് 63.5 കിലോമീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍-വായന്തോട് റോഡ് 32 കിലോമീറ്റര്‍, തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ് 27.2 കിലോമീറ്റര്‍, മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ് 26.30 കിലോമീറ്റര്‍ എന്നിവയാണു വികസിപ്പിക്കുക. കഴിഞ്ഞ വര്‍ഷാവസാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ അനുബന്ധ റോഡുകള്‍ വീതികൂട്ടി നന്നാക്കിയെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ പൊടുന്നനെ ഈ റോഡുകള്‍ നാലുവരിയാവുമ്പോള്‍ നൂറുകണക്കിന് ആളുകളുടെ കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും ഇല്ലാതാവും. നിരവധി ചെറുപട്ടണങ്ങളും പേരിന് മാത്രമാകും.
ലക്ഷങ്ങള്‍ മുടക്കി നിര്‍ദിഷ്ട റോഡരികില്‍ സ്ഥലം വാങ്ങിയവരും മുഴുവന്‍ സമ്പാദ്യങ്ങളും ഉപയോഗിച്ച് വീടു പണിതവരും ഉപജീവന മാര്‍ഗം തേടി കച്ചവടം ചെയ്യുന്നവരുമാണ് സര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ആശങ്കയിലായത്. റോഡിന് വേണ്ടി നേരത്തെ സ്ഥലം, കെട്ടിടം എന്നിവ നല്‍കിയവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമായിരുന്നു ലഭിച്ചത്. എന്നാല്‍ പുതിയ നിയമപ്രകാരം മാര്‍ക്കറ്റ് വില അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുമെന്നുള്ള വിശ്വാസത്തിലാണ് റോഡരികില്‍ വീടും സ്ഥലും കടകളുമുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."