രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐ.എ.എം.എ.ഐയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ടു നിക്ഷേപം നടത്താനുള്ള തീരുമാനം നിര്‍ണായകമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി യുവാക്കള്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നുവരുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ മാത്രം 1000 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി സ്റ്റാര്‍ട്ടപ്പ് നയം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. ഭാരത് പെട്രോളിയം പോലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വിജയമായി. സംരംഭക നിക്ഷേപക സമൂഹങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കാണ് ഹഡില്‍ കേരളയില്‍ ഊന്നല്‍ നല്‍കുന്നത്. ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുനിന്ന് ഉയര്‍ന്നുവരാന്‍ സമ്മേളനം കാരണമാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കേരളം രണ്ടാം വീടാണെന്ന് പറഞ്ഞുകൊണ്ടാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഷേഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പ്രസംഗം തുടങ്ങിയത്. ഡേറ്റയാണ് ഇനി ഏതൊരു രാജ്യത്തിന്റെയും ഭാവി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാണ്. ഇതു ഐ.ടി മേഖലയിലേക്കും വ്യാപിപ്പിക്കണം. പൗരന് ഉപകാരപ്രദമാകുന്നതാകണം സാങ്കേതിക വിദ്യയുടെ വികസനമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ ഒരു കേരള സ്റ്റാര്‍ട്ടപ്പ്, കേരളത്തില്‍ ഒരു ഷാര്‍ജ സ്റ്റാര്‍ട്ടപ്പ് എന്നതാണ് സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ശുഭോ റേയും ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."