ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ഹോട്ടലുടമകളും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും
കൊച്ചി: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ഹോട്ടലുടമകളും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ജി.എസ്.ടിയും വ്യാപാര മാന്ദ്യവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന ഹോട്ടല്‍മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അടിക്കടിയുള്ള ഹര്‍ത്താലുകളെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ചൂണ്ടിക്കാട്ടി. വേനലവധി ആയതോടെ ടൂറിസം മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിനും ഹര്‍ത്താലുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹര്‍ത്താലുകളില്‍ നിന്ന് പാല്‍,പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഒഴിവാക്കുന്നതുപോലെ ഹോട്ടല്‍, റസ്റ്ററന്റ് മേഖലയെയും ഒഴിവാക്കണമെന്ന് അസോസിയേഷന്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളോട് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച ഹോട്ടലുകളും റസ്റ്ററന്റുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.എച്ച്.ആര്‍.എ സംസ്ഥാനപ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും വ്യക്തമാക്കി.
തിങ്കളാഴ്ച്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയും അറിയിച്ചു. കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും അന്ന് സര്‍വിസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വിസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തിയതിയിലെ പൊതു പണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."