അഴിമതിക്കേസ്: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്
സിയൂള്‍: അഴിമതിക്കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയ്ക്ക് 24 വര്‍ഷം തടവ്. പത്ത് മാസം നീണ്ട വിചാരണക്കൊടുവിലാണ് പാര്‍ക്ക് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. 17 മില്യന്‍ ഡോളര്‍ പിഴയടക്കാനും കോടതി വിധിച്ചു. അധികാര ദുര്‍വിനിയോഗം, കോഴ അടക്കം 18 കുറ്റങ്ങളാണ് പാര്‍ക്കിനെതിരേ ചുമത്തിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.
കോടതി വിധി സമയത്ത് അവര്‍ ഹാജരായിരുന്നില്ല. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അവര്‍ വിചാരണഘട്ടത്തില്‍ പലപ്പോഴും ഹാജരായിരുന്നില്ല. എന്നാല്‍ ആരോപണങ്ങളെല്ലാം പാര്‍ക്ക് നിഷേധിച്ചു. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു.
രാജ്യത്ത് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരിയായ പാര്‍ക്ക് യാതൊരു പശ്ചാത്താപവും നടത്തിയിട്ടില്ലെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജി കിം സേ യൂന്‍ പറഞ്ഞു. അവരെ സഹായിക്കാന്‍ നമുക്കാവില്ലെന്ന് ജഡ്ജി പറഞ്ഞു.
രാജ്യത്തെ ഹൃദയഭേദകമായ സംഭവമാണെന്ന് കോടതി വിധിയെ സംബന്ധിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. വീണ്ടും ഓര്‍ക്കാനാവാത്തതും ആവര്‍ത്തിക്കാതിരിക്കേണ്ടതുമായ ചരിത്രമാണിതെന്ന് ബ്ലൂ ഹൗസ് പറഞ്ഞു.
മുന്‍ ഏകാധിപതി പാര്‍ക്ക് ചുങ് ഹിയുടെ മകളായ പാര്‍ക്ക് 2013ലാണ് ദക്ഷിണകൊറിയയുടെ പ്രസിഡന്റായി അധികാരമേറ്റത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ക്കിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയത്. സുഹൃത്ത് ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് അവരുടെ പ്രസിഡന്റ് സ്ഥാനം നഷ്ടമാവാന്‍ കാരണമായത്.
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നയം മാറ്റുന്നതിന് സുഹൃത്തിനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം. സാംസങ്, ലോട്ട, എസ്.കെ എന്നീ കമ്പനികളില്‍ നിന്ന് 5.2 കോടി ഡോളര്‍ കൈക്കൂലി സ്വീകരിക്കാന്‍ സൂണ്‍ സില്ലിന് പാര്‍ക്ക് കൂട്ടുനിന്നുവെന്നാണ് കേസ്.
കൂടാതെ രാജ്യത്തെ 18 കമ്പനികളില്‍ നിന്ന് 7740 കോടി ഡോളര്‍ സില്ലിന്റെ രണ്ട് സന്നദ്ധ സംഘടകള്‍ക്ക് സംഭാവന ലഭ്യമാക്കാനും പാര്‍ക്ക് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആരോപണമുണ്ട്.ഫെബ്രുവരിയില്‍ സില്ലി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."