ഗസ്സ പ്രതിഷേധം: നാല് ഫലസ്തീനികളെ ഇസ്‌റാഈല്‍ വെടിവച്ചുകൊന്നു
ഗസ്സ: ഇസ്‌റാഈലുമായി അതിര്‍ത്തി പങ്കിടുന്ന ഗസ്സയുടെ പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തിയ നാല് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. വെടിവയ്പിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലുമായി 250 പേര്‍ക്ക് പരുക്കേറ്റെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയിലെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമികള്‍ തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സയില്‍ പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കിടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 1600 പേര്‍ക്ക് പരുക്കേറ്റു.
പ്രതിഷേധക്കാര്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തരുതെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഇസ്‌റാഈല്‍ മുഖവിലക്കെടുത്തിട്ടില്ല. ആക്രമണങ്ങളില്‍ യു.എന്‍ മനുഷ്യാവകശ കമ്മിഷണറുടെ വക്താവ് ലിസ് ത്രോസല്ല് ഉത്കണ്ഠ പ്രകടിപ്പിച്ചു. മനഃപൂര്‍വമുള്ള കൊലയാണ് ഇസ്‌റാഈല്‍ നടത്തുന്നത്. യാതൊരുവിധ ന്യായീകരണവും ഈ ആക്രമണങ്ങള്‍ക്കില്ലെന്നും നാലാം ജനീവ കണ്‍വന്‍ഷന്റെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി പ്രദേശങ്ങളില്‍ ടയര്‍ കത്തിച്ചാണ് ഗസ്സ നിവാസികള്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ 50,000 പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങുന്നവരെ വെടിവയ്പിലൂടെയാണ് ഇസ്‌റാഈല്‍ നേരിടുന്നത്.
ഹമാസിന്റെ നേതൃത്വത്തില്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്. മെയ് 15നുള്ള നക്ബ ദിനത്തോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാണ് തീരുമാനം.
1948ല്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കാനായി സമാധാനപരമായ പ്രതിഷേധങ്ങളാണ് നടത്തുന്നതെന്നാണ് ഹമാസിന്റെ വാദം. എന്നാല്‍ നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ഇസ്‌റാഈലിന്റെ വെടിവയ്പിനെതിരേ രാജ്യത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിരായുധര്‍ക്കെതിരേ ആക്രമണം നടത്തുന്ന സൈന്യത്തിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടനയായ ബി സെലേം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."