ഭാരമുയര്‍ത്തി രണ്ടാം സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ്: ഭാരോദ്വഹന താരങ്ങളുടെ മിന്നും ഫോമില്‍ ഇന്ത്യക്ക് വീണ്ടും സുവര്‍ണത്തിളക്കം. രണ്ടാം ദിനത്തില്‍ സഞ്ജിത ചാനുവിലൂടെ ഇന്ത്യ രണ്ടാം സ്വര്‍ണം നേടിയെടുത്തു. ഒപ്പം ദീപക് ലതറിലൂടെ ഒരു വെങ്കലവും ഇന്ത്യന്‍ മുന്നേറ്റത്തിന് മാറ്റ് കൂട്ടി. ഇതോടെ രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെ പിന്തള്ളി 14 സ്വര്‍ണവും ഒന്‍പത് വെള്ളിയും 13 വെങ്കലവുമായി ആതിഥേയരായ ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒന്‍പത് സ്വര്‍ണം ആറ് വെള്ളി മൂന്ന് വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വര്‍ണം നാല് വെള്ളി അഞ്ച് വെങ്കലവുമായി കാനഡ മൂന്നാം സ്ഥാനത്ത്.
താരമായി സഞ്ജിത
രണ്ട് ദിവസമായി ഭാരോദ്വഹന താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഉജ്ജ്വല മുന്നേറ്റമാണ് നടത്തുന്നത്. രണ്ടാം ദിനത്തില്‍ സഞ്ജിത ചാനു തന്റെ പേര് തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്തു. മീരാബായിക്ക് പിന്നാലെ വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് സഞ്ജിതയുടെ സുവര്‍ണ നേട്ടം. 24 കാരിയായ താരം സ്‌നാച്ചില്‍ 84 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോയും ഉയര്‍ത്തി മൊത്തം 192 കിലോ ഭാരം തികച്ചാണ് സ്വര്‍ണം പിടിച്ചെടുത്തത്. പപുവ ന്യൂ ഗ്വിനിയ താരം ലോവ ഡിക തുവ വെള്ളിയും കാനഡയുടെ റേചല്‍ ലെബ്ലംക് ബസിനെറ്റ് വെങ്കലവും നേടി.
അരങ്ങേറ്റം
അവിസ്മരണീയമാക്കി ദീപക്
പുരുഷ വിഭാഗം 69 കിലോയിലാണ് കന്നി കോമണ്‍വെല്‍ത്ത് പോരാട്ടത്തിനിറങ്ങിയ ദീപകിന്റെ മികച്ച പ്രകടനം. 18കാരനായ താരം സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി മൊത്തം 295 കിലോ തികച്ചാണ് വെങ്കലം നേടിയത്. വെയ്ല്‍സിന്റെ ഗെരത് ഇവാന്‍സ് സ്വര്‍ണവും ശ്രീലങ്കയുടെ ദിശ്ശനായകെ മുഡിയന്‍സെലഗെ വെള്ളിയും നേടി.
ബാഡ്മിന്റണില്‍ അപരാജിതര്‍
ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ മിക്‌സഡ് ടീമിനത്തില്‍ തുടര്‍ച്ചയായി മൂന്നാം വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം പോരില്‍ ഇന്ത്യ സ്‌കോട്‌ലന്‍ഡിനെ 5-0ത്തിന് കീഴടക്കി. വനിതാ സിംഗിള്‍സില്‍ സൈന നേഹ്‌വാള്‍ സ്‌കോട്ടിഷ് താരം ജൂലി മക്ക്‌ഫെര്‍സനെ 21-14, 21-12 എന്ന സ്‌കോറിന് അനായാസം വീഴ്ത്തി കുതിപ്പിന് തുടക്കമിട്ടു. പിന്നാലെ കിഡംബി ശ്രീകാന്ത് പുരുഷ സിംഗിള്‍സില്‍ കെയ്‌രന്‍ മെറിലീസിനെ 21-18, 21-2 എന്ന സ്‌കോറിന് കീഴടക്കി ഇന്ത്യയെ 2-0ത്തിന് മുന്നിലെത്തിച്ചു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും പുരുഷ ഡബിള്‍സില്‍ സാത്വിക് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ പ്രണാവ് ചോപ്ര- സിക്കി റെഡ്ഡി സഖ്യവും തുടര്‍ വിജയങ്ങള്‍ നേടിയതോടെയാണ് ഇന്ത്യ അവസാന എട്ടിലേക്ക് കടന്നത്.
ബോക്‌സിങ്: അമിതും
നമാനും ക്വാര്‍ട്ടറില്‍
ബോക്‌സിങ് പോരാട്ടത്തില്‍ ഇന്ത്യയുടെ അമിത് ഫംഗല്‍ 49 കിലോയിലും നമാന്‍ തന്‍വര്‍ 91 കിലോയിലും ക്വാര്‍ട്ടറിലേക്ക് മുന്നേറി. അമിത് ഘാനയുടെ തെത്തെ സുലെമനുവിനെ കീഴടക്കിയപ്പോള്‍ നമാന്‍ തന്‍സാനിയ താരം ഹരുന മഹന്‍ഡോയെയാണ് ഇടിച്ചിട്ടത്.
ജോഷ്‌ന ക്വാര്‍ട്ടറില്‍
വനിതകളുടെ സ്‌ക്വാഷ് സിംഗിള്‍സ് പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ആസ്‌ത്രേലിയന്‍ താരം തമിക സാക്‌സ്ബിയെ 3-0ത്തിന് കീഴടക്കിയാണ് ജോഷ്‌നയുടെ മുന്നേറ്റം. അതേസമയം ദീപിക പള്ളിക്കല്‍, വിക്രം മല്‍ഹോത്ര എന്നിവര്‍ പുറത്തായി.
വനിതാ ഹോക്കിയില്‍
ഇന്ത്യക്ക് ജയം
ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പൂള്‍ എയിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ഇന്ത്യ മലേഷ്യയെ തകര്‍ത്തു. ലോണ്‍ ബോളിലും ഇന്ത്യ രണ്ടാം ദിനത്തില്‍ മുന്നേറ്റം നടത്തി. വനിതകളുടെ ഫോര്‍സ് സെക്ഷനല്‍ ടീം പോരാട്ടത്തില്‍ ഫര്‍സാന ഖാന്‍, ലവ്‌ലി ചൗബെ, രൂപ റാണി ടിര്‍കി, നയന്‍മോനി സയ്കിയ എന്നിവരടങ്ങിയ ടീം ഇംഗ്ലണ്ടിനെ 21-9 എന്ന സ്‌കോറിന് വീഴ്ത്തി.
ഭാരോദ്വഹന താരങ്ങള്‍ ഇറങ്ങുന്നത്
ഫിസിയോയുടെ സഹായമില്ലാതെ
ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകള്‍ സമ്മാനിച്ച ഭാരോദ്വഹന താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നത് ഫിസിയോയുടെ സഹായമില്ലാതെ.
ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആക്രന്ത് സക്‌സേനയ്ക്ക് ഗെയിംസില്‍ പങ്കെടുക്കാനുള്ള അക്രഡിറ്റേഷന്‍ ലഭിക്കാത്തതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കൃത്യസമയത്ത് രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ടീമിന് ഈ ദുര്യോഗം നേരിടേണ്ടി വന്നത്. സക്‌സേന ഇന്ത്യന്‍ ടീമിനൊപ്പം ഗോള്‍ഡ് കോസ്റ്റിലെത്തിയെങ്കിലും ഗെയിംസ് വില്ലേജ്, പരിശീലന കേന്ദ്രം, മത്സര വേദി എന്നിവിടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഫിസിയോയുടെ സേവനം ലഭിക്കാത്തതിനാല്‍ കഠിനമായ പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് മത്സരിക്കുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കി. താരങ്ങള്‍ പരസ്പരം സഹായിച്ചാണ് ഫിസിയോയുടെ അഭാവം നിക്കുന്നത്. മത്സരിക്കുന്നതിനിടെ തനിക്ക് പരുക്കേറ്റതായും എന്നാല്‍ ഫിസിയോയുടെ സേവനം ഇല്ലാതെ എന്തുചെയ്യും എന്നും ആദ്യ ദിനത്തില്‍ വെള്ളി നേടിയ ഗുരുരാജ ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."