നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല: സതീവന്‍ ബാലന്‍
തിരുവനന്തപുരം: മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ഇല്ലാത്തതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സന്തോഷ് ട്രോഫി കോച്ച് സതീവന്‍ ബാലന്‍. കൊച്ചിയെയും കോഴിക്കോടിനെയും മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല. അതിനാലാണ് സന്തോഷ് ട്രോഫിയുടെ പരിശീലന ക്യാംപ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ നിരവധി താരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു.
മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാലേ കേരള ഫുട്‌ബോള്‍ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു. കേസരി ഹാളില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജോലി ലഭിച്ചാലും താരങ്ങള്‍ ഫുട്‌ബോള്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടീം തിരഞ്ഞെടുപ്പില്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. കപ്പ് നേടണമെങ്കില്‍ പുതിയൊരു ടീം വേണമെന്ന് ആഗ്രഹിച്ചിരുന്നു. യുവ താരങ്ങളെ പരിഗണിച്ചപ്പോഴും അര്‍ഹതപ്പെട്ട ഒരു സീനിയര്‍ താരത്തെയും മാറ്റിനിറുത്തിയിട്ടില്ല. സീനിയേഴ്‌സിന്റെ അനുഭവ പരിചയം ഇല്ലാതെ ഗ്രൗണ്ടില്‍ എതിരാളികളോട് പയറ്റി നില്‍ക്കാന്‍ പ്രയാസമാണെന്നും സതീവന്‍ ബാലന്‍ പറഞ്ഞു.
ഫുട്‌ബോളിനായി സ്ഥിരം പരിശീലന കേന്ദ്രം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍കൈയെടുത്ത് ആരംഭിക്കുമെന്നും ഇതിന്റെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണെന്നും പ്രസിഡന്റ് ടി.പി.ദാസന്‍ പറഞ്ഞു.
അണ്ടര്‍ 17 ഫുട്ബാളിന് ശേഷം കൊച്ചി പനമ്പിള്ളി ഗ്രൗണ്ട് മാത്രമാണ് പരിപാലിക്കപ്പെടുന്നത്. മറ്റ് മൂന്ന് ഗ്രൗണ്ടുകളെയും കൂടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കടുത്ത മത്സരം നേരിടേണ്ടി വന്നത് സെമിയില്‍ മിസോറമുമായിട്ടാണെന്ന് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് പറഞ്ഞു. ഗോള്‍ കീപ്പര്‍ മിഥുനിന്റെ മികച്ച സേവുകളാണ് അന്ന് കേരളത്തെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി എ.സി.മൊയ്തീന്‍ ടീം അംഗങ്ങളെയും പരിശീലകനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ശിവന്‍കുട്ടി, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീം മാനേജര്‍ ആസിഫ്, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല ജോയിന്റ് സെക്രട്ടറി അഭിജിത്ത്, സംസ്ഥാന സമിതി അംഗം തോമസ് വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."