സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം മുന്‍നിരയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന 'ഹഡില്‍കേരള' ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള സ്റ്റാര്‍ട്ട് അപ്പ് ഭൂപടത്തില്‍ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സജീവമായ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുന്‍നിര ആകര്‍ഷണ കേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളെ ആകര്‍ഷിക്കാനാവുന്ന മികച്ച ലക്ഷ്യ കേന്ദ്രമെന്ന പേരും നേടി.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി നമ്മുടെ നാട്ടിലെ പ്രതിഭകളെയും കണ്ടുപിടുത്തങ്ങളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള കേരള മാതൃക നമ്മള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ അന്തരീക്ഷം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഡാക്കുമായി സഹകരിച്ച് രൂപം നല്‍കിയ 'ഇന്നവേഷന്‍ പ്ലാറ്റ്‌ഫോം', സിംഗുലാരിറ്റി യൂനിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ ആഗോള ഇന്നവേഷന്‍ ചലഞ്ച്, നാസ്‌കോം ഫൗണ്ടേഷനുമായി ചേര്‍ന്ന് ഐ.ഐ.ഐ.ടി.എം.കെയില്‍ സിസ്‌കോ 'തിങ്കുബേറ്റര്‍' പ്രോഗ്രാം, കേരളത്തില്‍ സിസ്‌കോ നെറ്റ്‌വര്‍ക്കിങ് അക്കാദമി പ്രോഗ്രാം എന്നീ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തുടക്കമിട്ടു.
ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ചെയര്‍മാനുമായ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റോയ്, നാസ്‌കോം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീകാന്ത് സിന്‍ഹ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാര്‍ട്ട് അപ്പുകളെയും മികച്ച നിക്ഷേപകരെയും സാങ്കേതിക വിദഗ്ധരെയും വ്യവസായപ്രമുഖരെയും ഒന്നിപ്പിക്കുന്ന ഹഡില്‍ കേരള സമ്മേളനം ഇന്നു സമാപിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സമാന്തരമായി നടക്കുന്ന ചര്‍ച്ചകളും നെറ്റ്‌വര്‍ക്കിങ് സെഷനുകളും കൂടിയാലോചനകളും സമ്മേളനത്തിലുണ്ട്.
സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഗെയിമിങ്, ഇസ്‌പോര്‍ട്‌സ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വിനോദങ്ങള്‍,ഓഗ്‌മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, നിര്‍മിത ബുദ്ധി, ഇഗവേണന്‍സ്, എംഗവേണന്‍സ്, യൂസര്‍ ഇന്റര്‍ഫെയ്‌സ്, യൂസര്‍ അനുഭവം തുടങ്ങിയവയിലാണ് ഹഡില്‍ കേരള പ്രധാന ശ്രദ്ധ നല്‍കുന്നത്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐ.എ.എം.എ.ഐ സ്റ്റാര്‍ട് അപ്പ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."