മനോഹാരിതയും ഐതിഹ്യങ്ങളും നിറഞ്ഞ കനകമല
ചൊക്ലി: കാനന സൗന്ദര്യത്തിന്റെ വശ്യചാരുത ഒരുക്കി പെരിങ്ങത്തൂര്‍ മേക്കുന്നിലെ കനകമല. ശ്രീരാമ ഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവെന്നും ലങ്കയില്‍ നിന്ന് രാമനും ലക്ഷ്മണനും സീതയുമായി തിരിച്ചുവരുന്ന വഴി അവരെ സ്വീകരിക്കുന്നതിന് മലയില്‍ കാത്തിരിക്കുകയും വഴിതെറ്റി രാമനും കൂട്ടരും വരാതിരുന്നതോടെ നിരാശനായ മഹര്‍ഷി സ്വീകരിക്കാനൊരുക്കിയ വസ്തുക്കള്‍ മലയില്‍ ഭദ്രമായി കുഴിച്ചു മൂടിയെന്നുമാണ് ഈ മലയെ സംബന്ധിച്ച ഐതീഹ്യങ്ങളിലൊന്ന്.
ഇസ്‌ലാം മത പ്രബോധനത്തിനായി ഇറാഖിലെ കൂഫയില്‍ നിന്നു അലിയ്യുല്‍ കൂഫി(റ) തങ്ങള്‍ വരികയും കടല്‍ കടന്ന് മലയിലെത്തിയ അലിയ്യുല്‍ കൂഫി തങ്ങള്‍ മലയിലെ ഗുഹയില്‍ വിശ്രമിച്ചതായും ആരാധനാ കര്‍മങ്ങള്‍ക്കായി മലയിലെ ഗുഹ ഉപയോഗിച്ചതായും പറയപ്പെടുന്നു. മലയുടെ കിഴക്ക് വശത്ത് കാടിലൂടെ നടന്നാല്‍ കാണുന്ന ഗുഹയില്‍ തങ്ങള്‍ അവധൂതനായി താമസിച്ചിരുന്നതായും തന്റെ സഞ്ചാര വഴികളിലെ വാഹനം മൃഗങ്ങളായിരുന്നുവെന്നും തങ്ങളുടെ പരിചാരകരും സേവകരുമായി വന്യജീവികളായിരുന്നുവെന്നും തങ്ങളുടെ കൈയില്‍ ഒരു പ്രത്യേക തരം വടിയുണ്ടായിരുന്നുവെന്നും അലിയ്യുല്‍ കൂഫി(റ) തങ്ങള്‍ അവറുകളെകുറിച്ചുള്ള മൗലീദ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അലിയ്യുല്‍ കൂഫി(റ) തങ്ങള്‍ ഗുഹവാസത്തിനിടെ ആരാധനയില്‍ മുഴുകിയിരുന്ന തങ്ങളെ കാണാന്‍ മലയില്‍ നിരവധിയാളുകള്‍ വരാറുണ്ടായിരുന്നെന്നും മാറാരോഗങ്ങള്‍ പോലും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തുവെന്നുമാണ് മറ്റൊരു ഐതീഹ്യം.
ഇരു മതങ്ങള്‍ക്കും ഒരുപോലെ വിശേഷപ്പെട്ടതാണ് മല. അതുകൊണ്ടു തന്നെ ഇരുകൂട്ടരും ആദരവോടെയാണ് കനകമലയെ കാണുന്നത്. ഇവിടെ വേരുകളില്‍നിന്നു വന്നിറങ്ങുന്ന ശുദ്ധജലം കനക തീര്‍ഥമായി ഇന്നും നിലക്കൊള്ളുന്നു. ഈ മലയില്‍ ഗുരു നിത്യചൈതന്യയതി സന്ദര്‍ശകനായത് കൊണ്ട് അദ്ദേഹത്തിന്റെ ഒരു ആശ്രമം ഇവിടെ നിലക്കൊള്ളുന്നുമുണ്ട്. ഔഷധ സസ്യങ്ങളുടെയും അപൂര്‍വയിനം പൂമ്പാറ്റകളുടെയും വിരഹകേന്ദ്രം കൂടിയാണ് കനകമല. തലശ്ശേരിയില്‍നിന്നു 12 കിലോമീറ്ററും നാദാപുരത്ത് നിന്ന് 10 കിലോമീറ്ററും പാനൂരില്‍ നിന്ന് 5 കിലോ മീറ്ററും യാത്രചെയ്താല്‍ കനകമലയിലെത്താം. കനകമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് പ്രദേശവാസികളുടെ അഭ്യര്‍ഥനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."