നീലഗിരിയില്‍ ചക്കക്ക് കാട്ടാനപ്പേടിയുടെ രുചി
ഗൂഡല്ലൂര്‍: ഉല്‍പാദനവും വില്‍പനയും ലക്ഷ്യമിട്ട് സംസ്ഥാനം ചക്കക്ക് ഔദ്യോഗിക ഫലം എന്ന പദവി നല്‍കിയപ്പോള്‍, കേരളത്തിലെ വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ചക്കക്ക് കാട്ടാനപ്പേടിയുടെ രുചിയാണ്. ഏറെ വിപണന മൂല്യമുള്ള ചക്ക കായ്ക്കുമ്പോള്‍ തന്നെ നശിപ്പിക്കേണ്ട ഗതിഗേടിലാണ് നീലഗിരി ജില്ലയിലെ കുന്നൂര്‍, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍.
സീസണ്‍ ആരംഭിക്കുന്നതോടെ മണം പിടിച്ചെത്തുന്ന കാട്ടാനക്കൂട്ടത്തെ ഭയന്നാണ് ജനങ്ങള്‍, മുന്‍കാലത്ത് വിശപ്പടക്കാന്‍ വരെ ആശ്രയിച്ചിരുന്ന ചക്കയെ കൈവെടിയുന്നത്. വീട്ടുമുറ്റത്തെ പ്ലാവിന്‍ ചുവട്ടില്‍ വരെ കാട്ടാന എത്താന്‍ തുടങ്ങിയതോടെ പരാതികള്‍ കേട്ടുമടുത്ത വനം വകുപ്പും ചക്ക നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്ക് വരെ കൊണ്ടുപോയിരുന്ന നീലഗിരിയിലെ ചക്ക മഹാത്മ്യം നിലവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വന്‍കിട കാപ്പിത്തോട്ടങ്ങളില്‍ തണല്‍ മരങ്ങളായാണ് നീലഗിരിയില്‍ പ്ലാവ് സ്ഥാനം പിടിക്കുന്നത്. പിന്നീട് തോട്ടം ഭൂമികള്‍ ഏറെയും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായതോടെ വീട്ടാവശ്യത്തിനും മറ്റുമായി വീണ്ടും പ്ലാവുകള്‍ വച്ചുപിടിപ്പിച്ചു. എന്നാല്‍ ചൂഷണവും നഗരവല്‍ക്കരണവും കാരണം കാട്ടിലെ വിഭവങ്ങള്‍ കുറഞ്ഞതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തീറ്റതേടി നാട്ടിലിറങ്ങാന്‍ തുടങ്ങി. കൃഷി നാശവും ജീവഹാനിയും വരെ സംഭവിച്ചു. ഇതിനിടെ വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കാത്ത വനം വകുപ്പ് കാട്ടാനകളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആകര്‍ശിക്കുന്ന ചക്കക്ക് 'നിരോധനവും'ഏര്‍പ്പെടുത്തി. ചക്കക്ക് പുറമേ, വാഴക്കും നിയന്ത്രണമുണ്ടായിരുന്നു.
നടാനായി എത്തിച്ച വാഴക്കന്നുകള്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞ സംഭവവും നീലഗിരിയിലുണ്ടായി. ചക്ക ജീവന് ഭീഷണിയായതോടെ ജില്ലയില്‍ പ്ലാവ് മുറിയും വ്യാപകമായിരിക്കുകയാണ്. ഇങ്ങനെ തന്നെ പോയാല്‍, സമീപകാലത്ത് തന്നെ മധുരമുള്ള ചക്ക കഴിക്കണമെങ്കില്‍ നീലഗിരിക്കാര്‍ മറ്റു ദേശങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."