ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത് വളപ്പില്‍ പച്ചക്കറി സമൃദ്ധിയും
കൊല്ലം: ആരോഗ്യത്തിന് ദോഷകരമായ പച്ചക്കറിയില്‍ നിന്ന് മോചനം നേടാന്‍ പച്ചക്കറി തൈ ഉല്‍പാദിപ്പിച്ച് ജനങ്ങള്‍ക്ക് നല്‍കുകയാണ് ചിറ്റുമല ബ്ലോക് പഞ്ചായത്ത്. ഓഫിസ് പരിസരത്തു തന്നെയാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ചുള്ള മാതൃകാ പ്രവര്‍ത്തനം. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ഓരോ വീട്ടിലും ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചീര, വഴുതന, തക്കാളി, വെണ്ടക്ക, മുളക്, കാപ്‌സിക്കം, അമര, പയര്‍ എന്നിവയാണ് ഗ്രാമശ്രീ തൈ ഉല്‍പാദനകേന്ദ്രം വഴി വിതരണം ചെയ്യുന്നത്.
വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഹൈബ്രിഡ് വിത്തുകള്‍ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറുമടങ്ങിയ മിശ്രിതത്തിലാണ് വളര്‍ത്തുന്നത്.
ഗ്രാമശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വളര്‍ച്ചയെത്തിയ തൈ ഒന്നിന് മൂന്നു രൂപയ്ക്ക് വില്‍ക്കുന്നു. ഇതുവഴിയുള്ള വരുമാനം ഗ്രാമശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്.
2000 തൈകള്‍ ഉല്‍പാദിപ്പിച്ച് മണ്‍ട്രോ തുരുത്ത് ഗ്രാമപ്പഞ്ചായത്തിന് മാത്രമായി ഇതിനകം നല്‍കി കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ വരും വര്‍ഷ പ്രവര്‍ത്തനത്തിലും മുഖ്യസ്ഥാനം ഈ പദ്ധതിക്കായിരിക്കണം എന്ന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. തൈകള്‍ വില്‍ക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ ഒരു വിപണനകേന്ദ്രം നിര്‍മിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് പറഞ്ഞു.
ജില്ലയിലെ രണ്ടാമത്തെ മികച്ച അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയരക്ടറായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റുമല കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ടി. എ. കല്‍പ്പനയുടെ മേല്‍നോട്ടത്തിലാണ് ജൈവപ്പച്ചക്കറിത്തോട്ടം.
സാനിയോ എബി , തുളസീഭായ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രാമശ്രീ സ്വയം സഹായ സംഘത്തിലെ ഏഴ് വനിതകളാണ് തൈ ഉല്‍പാദിപ്പിക്കുന്നതുമുതല്‍ വില്‍പ്പനവരെ നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."