ഡെപ്യൂട്ടി ഡി.എം.ഒയെ പൊന്നാനി താലൂക്കാശുപത്രിയില്‍ സംഘടിച്ചെത്തിയവര്‍ തടഞ്ഞുവച്ചു; പൊലിസില്‍ പരാതി നല്‍കി
പൊന്നാനി: താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ.യെ സംഘടിച്ചെത്തിയവര്‍ തടഞ്ഞുവെച്ചതായി പരാതി.സംഭവത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രി അധികൃതര്‍ പൊന്നാനി പൊലിസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം നടക്കുന്നതിനിടെ താലൂക്കാശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കാനാണ് യോഗം ചേരുന്നതെന്നാരോപിച്ച് പുറത്ത് ചിലര്‍ തടിച്ചുകൂടിയിരുന്നു. ഗൈനക്കോളജിയിലെ രണ്ടു ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം സ്റ്റാഫ് നഴ്‌സുമാരെ ബലിയാടാക്കിയത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണവുമായി സംഘം സ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ ഡെപ്യൂട്ടി ഡി.എം.ഒ കെ.വി പ്രകാശിനെ നേരത്തെയെത്തിയവര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏറെ നേരം വാക്കേറ്റവും കൈയേറ്റം ചെയ്യാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇതിനിടെ ആരോപണമുയര്‍ന്ന ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി ഡി.എം.ഒ യെ തടഞ്ഞുവെച്ചവര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. പൊലിസ് സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പ്രശ്‌നക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡോക്ടര്‍മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ യെ തടഞ്ഞുവെച്ചവരെ കണ്ടെത്താന്‍ ആശുപത്രിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിക്കുമെന്നും 'വിഷയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഏഴു പരിശോധന വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും പ്രസവ വാര്‍ഡുകളില്‍ ആറ് ഗൈനക്കോളജി ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കാന്‍ പ്രത്യേക യോഗത്തില്‍ തീരുമാനമായി.നേത്രരോഗ വിഭാഗം, ഇ.എന്‍.ടി, ത്വക്ക്, ഓര്‍ത്തോ, ഡെന്റല്‍, ജനറല്‍ വിഭാഗം, സര്‍ജന്‍ എന്നീ മേഖലയില്‍ വിദഗ്ധ ഡോക്ടര്‍മാരെയും പ്രസവ വാര്‍ഡുകളില്‍ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കാനാണ് തീരുമാനം.
മൂന്നാഴ്ചക്കുള്ളില്‍ പുതിയ ഡോക്ടര്‍മാരെ നിയോഗിച്ച് പരിശോധന ആരംഭിക്കും. കൂടാതെ വൈകിട്ട് ആശുപത്രിയില്‍ പരിശോധനക്കായി നിലവിലുള്ള ഡോക്ടര്‍ക്കൊപ്പം ഒരാളെയും നാലു ജീവനക്കാരെയും നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.വി പ്രകാശ്, സ്പീക്കറുടെ പ്രതിനിധി ടി. ജമാലുദ്ദീന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, മാതൃ -ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ആശ എന്നിവരും ഡോക്ടര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."