കാഞ്ഞിരത്തിനാല്‍ ഭൂസമരം: ശക്തമാക്കാനൊരുങ്ങി സമരസഹായ സമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജെയിംസ് നടത്തുന്ന സമരം 970 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി സമരം വ്യാപിപ്പിക്കാന്‍ സമിതിയുടെ നീക്കം. ഇതിന്റെ ഭാഗമായി 16 മുതല്‍ 21 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ജാഥയ്ക്ക് സ്വീകരണം നല്‍കും. കാഞ്ഞിരത്തിനാല്‍ കുടുംബം വനഭൂമി കൈയേറിയതാണെന്നുള്ള പ്രചരണം അവസാനിപ്പിക്കുന്നതിനും സത്യം ജനങ്ങളെ അറിയിക്കുന്നതിനുമായാണ് ജാഥ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഭൂമി വിഷയത്തില്‍ ഹൈക്കോടതില്‍ നിലവില്‍ കേസില്ലെന്നിരിക്കെ എം.എല്‍.എയുടെ ചോദ്യത്തിന് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഭൂമിവിട്ടു നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന റവന്യു മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇതിനെതിരേ അവകാശലംഘനത്തിന് നിയമസഭാ കമ്മിറ്റിക്ക് പരാതി നല്‍കും. ഇക്കാര്യത്തില്‍ വനംമന്ത്രിയോടായിരുന്നു ചോദ്യം ഉന്നയിക്കേണ്ടിയിരുന്നത്. സമരം ശക്തമാക്കുന്നതിനോടൊപ്പം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കും. ഐഫ (ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍), ഹരിതസേന, എഫ്.ആര്‍.എഫ്, കെ.സി.വൈ.എം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം ശക്തമാക്കുന്നത്. വിപൂലീകരിച്ച സംഘടനയുടെ രക്ഷാധികാരികളായി പി.സി. തോമസ്, ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍, എന്‍.ടി സുരേഷ് ബാബു (ചെയര്‍മാന്‍), ജോസഫ് വളവനാല്‍, ബോസ് വട്ടമറ്റത്തില്‍ (വര്‍ക്കിങ് ചെയര്‍മാന്‍), പി.പി ഷൈജല്‍ (ജനറല്‍ കണ്‍വീനര്‍), സൈമണ്‍, ജോസ് പുന്നയ്ക്കല്‍, എന്‍.ജെ ചാക്കോ, ലാലാജി, സുധീര്‍ കുമാര്‍, സുനില്‍, അനില കുമാര്‍, വേണു (കണ്‍വീനര്‍മാര്‍), വി.ടി പ്രദീപ് കുമാര്‍ (ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."