ബാണാസുര പുഷ്പോത്സവത്തിന് തുടക്കം
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരയില്‍ നടക്കുന്ന പുഷ്പോത്സവത്തിന് തുടക്കമായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയാകും. ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്പോത്സവം. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശനം. ഡാമിന്റെ പരിസരത്തെ ഏകദേശം 2.5 ഏക്കര്‍ സ്ഥലത്താണ് പൂക്കള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഫുഡ് ഫെസ്റ്റിവല്‍, വാണിജ്യ വിപണനമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, ദിവസേന വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര് പുഷ്പോത്സവം കാണാനെത്തിയെന്നും സംഘാടകര്‍ പറഞ്ഞു. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ സ്പെഷല്‍ ഓഫിസര്‍ എ.ആര് ബോസന്ലാല്, മലബാര്‍ മേഖലാ സൂപ്പര്‍വൈസര്‍ എന്‍. രൂപേഷ്, ചീരക്കുഴി ഗ്രൂപ്പ് ഓഫ് നേഴ്സറി മാനേജിങ് ഡയരക്ടര്‍ ജോസ് ചീരക്കുഴിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."