സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണം
കോഴിക്കോട്: സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കാഴ്ച പരിമിതര്‍ക്കും മറ്റു വികലാംഗര്‍ക്കും അനായാസമായി എത്തിപ്പെടാവുന്ന വിധം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാമൂഹിക നീതി വകുപ്പില്‍ നിന്ന് കാഴ്ചാ പരിമിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാവിധം ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന് ഐ.സി.ഡി.എസിനൊപ്പം കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റിനെയും ചുമതലപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കാഴ്ചാ പരിമിതിയുള്ളവര്‍ക്ക് ടോക്കിങ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും യഥാവിധി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാഴ്്ച നഷ്ടപ്പെട്ട ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുക, പട്ടികജാതി വര്‍ഗക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും കാഴ്ചയില്ലാത്തവര്‍ക്കും നല്‍കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികലാംഗര്‍ക്കായി നീക്കിവച്ച ഫണ്ടില്‍ നിന്ന് ഒരു വിഹിതം കാഴ്ചയില്ലാത്തവര്‍ക്ക് മൊബിലിറ്റി ട്രെയിനിങിനായി നല്‍കുക, വര്‍ഷം തോറും നടത്തുന്ന വികലാംഗ ദിനം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാര്‍ തയാറാവുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പെരുവയല്‍ സേവാ സമിതിയുമായി സഹകരിച്ച് ഫെഡറേഷന്‍ കാഴ്ചാ പരിമിതിയുള്ളവര്‍ക്കായി നടത്തുന്ന കലാ കായിക മേള നാളെ പെരുവയലില്‍ നടക്കുമെന്ന് അവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കായി നേത്ര പരിശോധനാ ക്യാംപും നടത്തും.
കായികമേള രാവിലെ പത്തിന് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബാബുരാജ് പാറമ്മലും കലാമേള രണ്ടിന് സാമൂഹിക പ്രവര്‍ത്തക കാഞ്ചനമാലയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് റാലി മാവൂര്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും പൊതു സമ്മേളനം സബ് കലക്ടര്‍ വി വിഘ്‌നേശ്വരിയും ഉദ്ഘാടനം ചെയ്യും.
വിഷു സദ്യയും വിഷു കിറ്റ് വിതരണവും ഉണ്ടാവുമെന്നും കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി. സത്യന്‍, വൈസ് പ്രസിഡന്റ് എ.കെ അബ്ബാസ്, സെക്രട്ടറി അബ്ദുല്‍ കരീം, സേവാ സമിതി സെക്രട്ടറി ഗിരീഷ് പെരുവയല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."