അരൂരിലെ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനം താറുമാറായി: ദേശീയപാതയോരത്ത് വീണ്ടും മാലിന്യം തള്ളാന്‍ തുടങ്ങി
അരൂര്‍: മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള 'ക്ലീന്‍ അരൂര്‍ ഗ്രീന്‍ അരൂര്‍' പദ്ധതി താറുമാറായി. നാല്‍പത്തിനാല് വാളണ്ടിയര്‍മാരുടെ നേതൃതത്വത്തില്‍ നടപ്പിലാക്കിയ ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനമാണ് മന്ദീഭവിച്ചത്.
വീടുകളില്‍ കഴുകി സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിശ്ചിത ഫീസ് ഈടാക്കി സ്വീകരിച്ചിരുന്നു. ഇത്തരം മാലിന്യം പൊടിക്കുന്നതിന് അരൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വാടകക്ക് ഒരു ഗോഡൗണ്‍ എടുത്തിരുന്നു.
പ്ലാസ്റ്റിക്ക് മാലിന്യം എത്താന്‍ തുടങ്ങിയതോടെ ഗോഡൗണ്‍ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് തടസപ്പെടുത്താനുള്ള നീക്കം നടന്നതോടെ വീടുകളില്‍ നിന്നുള്ള മാലിന്യം എടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനി പുതിയ സ്ഥലത്ത് മറ്റൊരു ഗോഡൗണ്‍ എടുത്തതിനു ശേഷം മാത്രമേ മാലിന്യസംസ്‌ക്കരണം നടക്കുകയുള്ളൂ. വീടുകളില്‍ നിന്ന് മാലിന്യം സ്വീകരിക്കതായതോടെ ദേശീയ പാതയോരത്തും സമീപത്തുള്ള ഒഴിഞ്ഞ പറമ്പുകളിലും വന്‍ തോതില്‍ മാലിന്യം കാണാന്‍ തുടങ്ങിയിട്ടുണ്ട്.
സ്ഥിരമായി മിലിന്യം നിക്ഷേപിക്കുന്ന അരൂരിലെയും ചന്തിരൂരിലെയും പ്രദേശങ്ങളിലെ മാലിന്യം നീക്കി ചെടികള്‍ വച്ചുപിടിപ്പിച്ചതോടെ ദേശീയ പാതയുടെ മറ്റു സ്ഥലങ്ങള്‍ കണ്ടുപിടിച്ച് വിവിധയിനം മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങി. ഇത് പഞ്ചായത്തിന് വലിയ ബാദ്ധ്യതയായിവരും. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നേ സംസ്‌ക്കരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് ചെയ്യാതെയാണ് സംസ്‌കാരിക്കാവുന്നവ തന്നേ പാതയോരത്ത് നിക്ഷേപിക്കുന്നത്. ഇത്തരക്കാരെ കണ്ടു പിടിക്കുന്നതിന് ക്യാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും ഇതുവരെ നടപ്പിലാക്കിയട്ടില്ല. പുതിയ സ്ഥലം കണ്ടെത്തുംവരെ ദേശീയപാതയോരത്ത് തന്നേ മാലിന്യം തള്ളാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."