മടക്കര ഹാര്‍ബറിലേക്കുള്ള പൈപ്പില്‍നിന്നു ജലമോഷണം: സ്വകാര്യവ്യക്തി സ്ഥാപിച്ച ടാങ്കുകള്‍ പൊലിസ് പിടിച്ചെടുത്തു
ചെറുവത്തൂര്‍: മടക്കര ഹാര്‍ബറിലേക്കുള്ള പൈപ്പ് ലൈനില്‍നിന്നു വെള്ളം മോഷ്ടിക്കുന്നതിനായി സ്ഥാപിച്ച സ്വകാര്യവ്യക്തിയുടെ ഷെഡ് പൊലിസ് പൊളിച്ചു നീക്കി. വെള്ളം സംഭരിക്കുന്ന രണ്ടു വലിയ ടാങ്കുകളും പിടിച്ചെടുത്തു. ഹാര്‍ബറിലെ ദൈനംദിന ആവശ്യങ്ങള്‍ക്കായാണ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ഈ പൈപ്പ് ലൈനില്‍ സ്വകാര്യവ്യക്തി അനധികൃതമായി വാള്‍വ് സ്ഥാപിച്ച് ടാങ്കില്‍ വെള്ളം സംഭരിച്ചു മറുനാടന്‍ ബോട്ടുകള്‍ക്കു ലിറ്ററിനു രണ്ടു രൂപ നിരക്കില്‍ നല്‍കി വരികയായിരുന്നു.
കടലില്‍ പോയി ഒന്നരമാസത്തോളം കഴിഞ്ഞു തിരിച്ചു വരുന്ന ബോട്ടുകള്‍ക്കാണ് ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം നല്‍കിയിരുന്നത് . ഇത്തരത്തില്‍ വന്‍ തുകയാണ് സ്വകാര്യ വ്യക്തി സ്വരൂപിച്ചത്. നാട്ടുകാരുടെ ഇടപെടലിന്റെ ഭാഗമായി വ്യാഴാഴ്ച അനധികൃത വെള്ളമൂറ്റ് കണ്ടെത്തുകയായിരുന്നു. കാടങ്കോട് സ്ഥാപിച്ച കിണറില്‍ നിന്നാണ് പൈപ്പ് ലൈന്‍ വഴി മടക്കരയിലേക്കു വെള്ളമെത്തിക്കുന്നത്.
പൈപ്പ് ലൈന്‍ കടന്നു പോകുന്ന പുഴയുടെ യാര്‍ഡിനു സമീപത്ത് മതില്‍ കെട്ടി മറച്ചു വാള്‍വിലൂടെയാണു വെള്ളം ഊറ്റിയത്. 15000 ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ടു ടാങ്കുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. കുടിവെള്ളത്തിനു ക്ഷാമം നേരിട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ക്കു സംശയം ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വെള്ളമൂറ്റി വില്‍പന നടത്തുന്നതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി ചന്തേര പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു.
പൊലിസെത്തി ഷെഡ് പൊളിച്ച് മാറ്റുകയും രണ്ടു ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."