പറമ്പിക്കുളം ആളിയാര്‍ തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ ഹൈകോടതിയില്‍ പൊതുതാത്പര്യ ഹരജി
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ജലതര്‍ക്കത്തിന് ശ്വാശ്വത പരിഹാരമുണ്ടാക്കാന്‍ 1956 ലെ അന്തര്‍സംസ്ഥാന ജലതര്‍ക്ക പരിഹാര നിയമ പ്രകാരം പറമ്പിക്കുളം ആളിയാര്‍ തര്‍ക്ക പരിഹാര ട്രിബുണല്‍ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ കേരളാസര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയതായി ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളാസര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു കത്തയച്ചാല്‍ തീരുന്നപ്രശ്‌നമേയുള്ളു. അല്ലാതെ പ്രക്ഷോഭങ്ങളും, വഴിതടയലും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിലൂടെ പറമ്പിക്കുളം ആളിയാര്‍ കരാര്‍ മൂലമുണ്ടായിട്ടുള്ള ജലപ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തിലൊരിക്കല്‍ കരാര്‍ അവലോകനം നടത്താമെന്നിരിക്കെ, ഇപ്പോള്‍ അറുപതു വര്‍ഷത്തിനടുത്തായിട്ടും കരാര്‍ പുതുക്കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയാറായിട്ടില്ല.
തമിഴ്‌നാട് ഓരോ വര്‍ഷവും കേരളത്തിന് അവകാശപ്പെട്ട വെള്ളം പോലും നല്‍കാന്‍ തയ്യാറാവുന്നില്ല. സമ്മര്‍ദ്ദം ചെലുത്തി വെള്ളം വാങ്ങിയെടുക്കേണ്ട ഗതികേടാണ് കേരളത്തിനുള്ളത്. ഇനിയും കരാര്‍ പുതുക്കി കൂടുതല്‍ വെള്ളം വാങ്ങിയെടുക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം വിടാത്ത അവസ്ഥയുണ്ടാവും.
21 ടി.എം.സിയോളം വെള്ളം കേരളത്തിന് അവകാശമുണ്ടെങ്കിലും ഏഴേകാല്‍ ടി.എം.സി ജലമാണ് ഇപ്പോള്‍ നല്‍കുന്നത്. മിക്ക വര്‍ഷങ്ങളിലും ഈ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് തയ്യാറല്ല. ഈ അവസ്ഥയില്‍ കേരളാസര്‍ക്കാര്‍ ഉടനടി ഒരു ട്രിബുണല്‍ ഉണ്ടാക്കി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സമ്മര്‍ദ്ദം ചെലുത്തണം.
ജാതി, ഭാഷ പ്രശ്‌നങ്ങളില്ലാതെ കേരളത്തിലെയും, തമിഴ്‌നാട്ടിലെയും ഭാരതപ്പുഴ തടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തിനും അവകാശപ്പെട്ട ജലം എത്തിക്കാന്‍ ട്രിബുണല്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്ലാതെ പുഴ നാശത്തിന്റെ വക്കിലാണ്. ആളിയാറില്‍ നിന്നും യഥാസമയം വെള്ളം വിടാത്തതിനാല്‍ ഭാരതപ്പുഴ തടത്തിലെ 175 ഗ്രാമപഞ്ചായത്തുകളിലും, എട്ട് നഗരസഭകളിലും കുടിവെള്ള പദ്ധതികള്‍ അവതാളത്തിലായിരിക്കുകയാണ്.
ഓരോ വര്‍ഷവും മഴ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇനി മുതല്‍ പറമ്പിക്കുളം വെള്ളം കിട്ടാതെ കേരളത്തില്‍ കുടിക്കാനുള്ള വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകും.
ഇതു മനസിലാക്കി കേരളാസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് ട്രിബുണല്‍ ഉണ്ടാക്കാന്‍ കത്തയച്ചു പരിഹാരമുണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, ട്രഷറര്‍ എ .അബ്ദുല്‍ അസീസ്, സെക്രട്ടറി കെ. ശരവണകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."