സീതാര്‍കുണ്ട്-മീങ്കര-ചുള്ളിയാര്‍ ജലസേചന പദ്ധതിക്ക് സര്‍വേ ഉടന്‍ ആരംഭിക്കും
കൊല്ലങ്കോട്: സീതാര്‍കുണ്ട് - മീങ്കര - ചുള്ളിയാര്‍ ജലസേചന പദ്ധതിക്ക് സര്‍വേ ഉടന്‍ ആരംഭിക്കാന്‍ നബാര്‍ഡ് - ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരമാനമായി. തെന്മലയില്‍ നിന്ന് സീതാര്‍കുണ്ട് വെള്ളചാട്ടത്തില്‍ ഒഴുകി വരുന്ന ജലത്തെ പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ച് മീങ്കരഡാമിലേക്കും തുടര്‍ന്ന് ചുള്ളിയാര്‍ ഡാമിലേക്കും എത്തിക്കുന്ന പദ്ധതിയുടെ ആലോചനക്കു വേണ്ടി കെ.ബാബു എം..എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നെന്മാറ മണ്ഡലത്തിലെ ഏറ്റവും വലിയ ജലപ്രതിസന്ധിക്ക് പരിഹാരമാകുന്നതിനുള്ള പ്രാരംഭം കുറിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രഥമ സര്‍വേക്ക് വനം വകുപ്പിനോട് അനുവാദത്തിനായി അപേക്ഷ നല്‍കുവാന്‍ യോഗത്തില്‍ തീരുമാനമായി. പറമ്പിക്കുളം ജലം യഥാസമയത്ത് ലഭിക്കാത്തതും കാലവര്‍ഷത്തില്‍ ലഭിക്കേണ്ട വെള്ളം കൃത്യമായി ഡാമിലേക്ക് എത്തിച്ച് ഉപയോഗിക്കുവാന്‍ സാധിക്കാത്തതുമാണ് കൊല്ലങ്കോട് മേഖലയിലെ ജലപ്രതിസന്ധി വര്‍ധിക്കുവാന്‍ ഇടയാക്കിയതെന്നും പദ്ധതി നടപ്പിലാകുന്നതോടെ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍, പുതുനഗരം, പല്ലശ്ശന എന്നീ ആറ് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും നാല് പഞ്ചായത്തുകളിലെ കുടിവെള്ള ഉപഭോക്താക്കള്‍ക്കും ഗുണകരമാകുമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു. രണ്ടാം വിള ഇറക്കാവാന്‍ സാധിക്കാത്ത പ്രതിസന്ധിയും ഇതോടെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
2018-19 വര്‍ഷത്തെ ബജറ്റില്‍ സീതാര്‍കുണ്ട് പദ്ധതിയെ ഉള്‍പെടുത്തീയിട്ടുള്ളതിനാല്‍ രണ്ടുമാസത്തിനകം സര്‍വെ പൂര്‍ത്തീകരിച്ച് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് എം.എല്‍.എ പറഞ്ഞു. വരും തലമുറക്ക് കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥ കൊല്ലങ്കോട് മേഖലയില്‍ ഉണ്ടാവാതിരിക്കുവാനും രണ്ടാം വിള ഒരു പ്രതിസന്ധിയും കൂടാതെ ഇറക്കുവാനുമുള്ള സാഹചര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ പരിഗണന.
പദ്ധതിക്കായി നബാര്‍ഡ് 100 കോടി രൂപ വരെ നല്‍കാന്‍ തയ്യാറാണെന്ന് നബാര്‍ഡ് ഏരിയ ജനറല്‍മാനേജര്‍ രമേശ് വേണുഗോപാല്‍ പറഞ്ഞു. തുകയുടെ അഞ്ച് ശതമാനം മാത്രം ജനപ്രതിനിധികളുടെ വികസന ഫണ്ടില്‍ നിന്നും തദ്ദേശ സ്ഥാപന ഫണ്ടില്‍ നിന്നും നീക്കിവെക്കേണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ കുടിവെള്ള, ജലസേചന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നബാര്‍ഡ് പാലക്കാട് ജില്ലയില്‍ ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് രമേശ് വേണുഗോപാല്‍ പറഞ്ഞു.
വര്‍ഷകാലത്ത് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ മാത്രമായി ലഭിക്കുന്ന ജലത്തെ പൈപ്പിലൂടെ മീങ്കര ഡാമിലേക്കും അവിടുന്ന് ചുള്ളിയാര്‍ ഡാമിലേക്കും എത്തിക്കുകയാണെങ്കില്‍ എല്ലാ സമയത്തും ജലലഭ്യത ഉറപ്പാക്കുവാന്‍ സാധിക്കുമെന്നും അതിനുള്ള സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് പി.എ.പി ജോയിന്റ് ഡയറക്ടര്‍ പി. സുധീര്‍ പറഞ്ഞു.
പദ്ധതിയുടെ സര്‍വേക്കുള്ള അംഗീകരാം ലഭ്യമായാല്‍ ഇറിഗേഷന്‍ വകുപ്പിലെ ടീമിനെ ഉപയോഗിച്ച് സര്‍വെ നടത്തുവാന്‍ തയ്യാറാണെന്നും വേഗത്തില്‍ സര്‍വെ പൂര്‍ത്തീകരിച്ചതിനു ശേഷം സര്‍ക്കാറിന്റെ പ്രാഥമിക അനുവാദം വാങ്ങി നെന്മാറയിലെ ജനപ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ അന്തിമരൂപം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കാനും ശേഷം പദ്ധതി നിര്‍മാണ പണികളുമായി മുന്നോട്ടുപോകാനും യോഗത്തില്‍ തീരുമാനമായി.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ്, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് പി. ഗീത, സുധ രവീന്ദ്രന്‍, സൈരന്ദ്രി മോഹന്‍ദാസ്, കിരണ്‍ എബ്രഹാം തോമസ്, വി.ഷണ്‍മുഖന്‍, ടി.പി ഷാജികുമാര്‍, പി. ശ്രീവല്‍സന്‍, അരുണ്‍ലാല്‍, അനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."