യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു
കുന്നംകുളം: കേച്ചേരിയില്‍ യുവാവിന് നേരെ ആക്രമണം. സ്‌നേഹമാളിക ഓഡിറ്റോറിയത്തിന് സമീപം യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. തണ്ടിലം വെള്ളാറ്റഞ്ഞൂര്‍ പടിഞ്ഞാറൂട്ടയില്‍ രവീന്ദ്രന്റെ മകന്‍ രാജേഷിന് (33) (കൊള്ളി രാജേഷ്) നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. സമീപത്തുള്ള ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് വന്നതായിരുന്നു രാജേഷ്.
വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ആക്ടീവ സ്‌കൂട്ടറിലെത്തിയ ഹെല്‍മെറ്റ് ധരിച്ചെത്തിയയാള്‍ രാജേഷിന് നേരെ ചുറ്റിക വിശിയത്. തലക്ക് അടിയേറ്റ് റോഡില്‍ വീണ രാജേഷിന്റെ കാല്‍മുട്ടും കാല്‍പാദവും ചുറ്റിക ഉപയോഗിച്ച് തന്നെ അടിച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂട്ടറുമായി യുവാവ് വടക്കാഞ്ചേരി ദിശയിലേക്ക് പോകുകയും ചെയ്തു. അക്രമം നടക്കുമ്പോള്‍ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരുംതന്നെ രാജേഷിനെ രക്ഷിക്കാന്‍ തയ്യാറായില്ല. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തിയാണ് ബോധരഹിതനായി റോഡില്‍ കിടന്നിരുന്ന രാജേഷിനെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെത്തിച്ചത്. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് ചുറ്റികകൊണ്ടുള്ള ആക്രമണത്തിന്റെയും ഹെല്‍മെറ്റ് ധരിച്ച യുവാവ് സ്‌കൂട്ടറില്‍ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. രാജേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. ഏരുമപ്പെട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള രാജേഷിനെ ആക്രമിച്ചത് മുന്‍ വൈരാഗ്യത്തിന്റെ പേരിലാണോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."