കായിക മന്ത്രിയുടെ നാട്ടിലെ ഇന്‍ഡോര്‍ സ്റ്റേഡിയം സാമൂഹികവിരുദ്ധരുടെ താവളം
വടക്കാഞ്ചേരി: നഗരസഭയിലെ മിണാലൂര്‍ വടക്കേ കരയില്‍ മുന്‍ മുണ്ടത്തിക്കോട് പഞ്ചായത്ത് ഭരണസമിതി നിര്‍മിച്ച ഇന്‍ ഡോര്‍ സ്റ്റേഡിയം നഗരസഭ അധികൃതരുടെ കടുത്ത അവഗണനയെ തുടര്‍ന്ന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം. മദ്യപന്മാരും അനാശാസ്യ പ്രവര്‍ത്തകരും രണ്ട് ഏക്കര്‍ സ്ഥലത്തെ ഈ സ്റ്റേഡിയം താവളമാക്കുമ്പോള്‍ ദുരിത കയത്തിലാണ് ജനങ്ങള്‍. കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ നിയോജക മണ്ഡലമായ വടക്കാഞ്ചേരിയിലാണ് ഈ സ്റ്റേഡിയം 3 കൊല്ലമായി അടഞ്ഞ് കിടക്കുന്നത് എന്നിട്ട് പോലും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സി.എന്‍. ബാലകൃഷ്ണന്‍ മന്ത്രിയായിരിക്കുമ്പോഴാണ് മുണ്ടത്തിക്കോട് പഞ്ചായത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മിണാലൂര്‍ വടക്കേ കരയില്‍ ഒരു കോടി 25 ലക്ഷം രൂപ ചിലവഴിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായ അവസ്ഥയാണ്.
അവശേഷിക്കുന്നത് ഫ്‌ളോര്‍ വര്‍ക്കുകള്‍ മാത്രമാണ്. എന്നാല്‍ നഗരസഭ അധികാരമേറ്റതിന് ശേഷം ഈ സ്‌റ്റേഡിയത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷിന്റെ ഡിവിഷനിലാണ് ഈ അനാസ്ഥയെന്നതും ജനകീയ പ്രതിഷേധം കനക്കുന്നു. 2015ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇന്‍ ഡോര്‍ സ്‌റേഡിയം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ കായിക വികസനത്തിന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നതായി അധികൃതര്‍ നിരന്തരം പ്രഖ്യാപിക്കുമ്പോഴാണ് ഈ കൊടിയ അനാസ്ഥ. കെട്ടിടത്തിനുള്‍വശം പ്രാവുകളും, പുറത്ത് സാമൂഹ്യ വിരുദ്ധരുമാണെന്നതാണ് സ്ഥിതി. പ്രാവ് കാഷ്ഠം മൂലം ഇങ്ങോട്ട് അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നു. സ്റ്റേഡിയത്തിന് പുറത്ത് മദ്യ കുപ്പികള്‍ നിറഞ്ഞ് കിടക്കുകയാണ്. ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം വികസനപെരുമ്പറ മുഴക്കുന്നവര്‍ നശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."