വന്യമൃഗങ്ങള്‍ക്ക് ശല്യമായി തെരുവുനായകള്‍
പുതുക്കാട്: മണ്ഡലത്തിന്റെ മലയോര പ്രദേശമായ വേലൂപ്പാടം മേഖലയിലാണ് വന്യമൃഗങ്ങള്‍ക്ക് ശല്യമായി തെരുവുനായകള്‍ പെരുകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കുട്ടന്‍ചിറ തേക്ക് തോട്ടത്തിന് സമീപം തെരുവുനായകളുടെ ഇരകളായത് ആറ് മാനുകളാണ്. തേക്ക് തോട്ടങ്ങളിലൂടെയുള്ള റോഡുകളില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുകയും അത് ഭക്ഷിക്കാനെത്തുന്ന തെരുവുനായകള്‍ തോട്ടങ്ങളില്‍ തമ്പടിക്കുന്നതുമാണ് പ്രശ്നത്തിന് കാരണം. തോട്ടങ്ങളില്‍ തീറ്റതേടിയെത്തുന്ന മാനുകളെ തെരുവുനായകൂട്ടം ആക്രമിച്ചു കൊല്ലുന്നത് പതിവായതോടെ വനപാലകരും രംഗത്തെത്തിയിരിക്കുകയാണ്. തെരുവുനായ ശല്യം തടയാന്‍ പഞ്ചായത്ത് കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്ന ആക്ഷേപമാണ് വനംവകുപ്പ് മുന്നോട്ട് വെക്കുന്നത്. മാനുകളെയും മറ്റ് പക്ഷിമൃഗാദികളെയും തെരുവുനായകള്‍ കൊന്നൊടുക്കിയതോടെ സമീപവാസികളും ഭീതിയിലാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത മാംസ കച്ചവടവും മാലിന്യ സംസ്ക്കരണം നടത്താന്‍ കടയുടമകള്‍ തയ്യാറാകാതെ മാംസാവശിഷ്ടങ്ങള്‍ തെരുവോരത്ത് തള്ളുന്നതുമാണ് തെരുവുനായകളുടെ വിളയാട്ടത്തിന് കാരണമാകുന്നത്. മണ്ഡലത്തിലെ ഭൂരിഭാഗം മാംസ കച്ചവടവും, കോഴി ഇറച്ചി വില്പനയും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും അതിനു നേരെ കണ്ണടക്കുക മാത്രമല്ല അവര്‍ ചെയ്യുന്നത്,സമൂഹത്തിന് വിപത്തായി മാറുന്ന തെരുവുനായകളുടെ ആക്രമണത്തിനും, മാലിന്യപ്രശ്നത്തിനും തണലൊരുക്കുകയാണ് ചെയ്യുന്നത്. തെരുവുനായകളുടെ വന്ധ്യകരണത്തിന് പഞ്ചായത്തുകള്‍ നടപടികള്‍ എടുക്കാന്‍ തുനിയാത്തതും പ്രശ്നത്തിന് ആക്കം കൂട്ടുന്നു. പുതുക്കാട്, വരന്തരപ്പിള്ളി,ആമ്പല്ലൂര്‍,തൃക്കൂര് എന്നി പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും തെരുവുനായകളെ ഭയന്നാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."