കോണ്‍ഗ്രസിലെ ശാന്തി തകര്‍ത്ത് മെഡിക്കല്‍ ബില്‍; തര്‍ക്കം മുറുകുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇടക്കാലത്തുണ്ടായ ശാന്തതയ്ക്കു വിരാമം. നിമിത്തമായത് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പിന്തുണച്ച കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന ബില്‍. ഭരണപക്ഷത്തോടൊപ്പം ചേര്‍ന്ന് ബില്‍ പാസാക്കിയതു മുതല്‍ ഉയര്‍ന്ന വിമതശബ്ദം ബില്‍ ഗവര്‍ണര്‍ നിരാകരിച്ചതോടെ കൂടുതല്‍ ശക്തമാകുകയാണ്. അതിനെ പ്രതിരോധിക്കാന്‍ ചില നേതാക്കള്‍ രംഗത്തിറങ്ങുക കൂടി ചെയ്തതോടെ പാര്‍ട്ടിയില്‍ പുതിയൊരു ചേരിതിരിവ് രൂപപ്പെടുകയാണ്.
ബില്‍ വിഷയത്തില്‍ തുടക്കത്തില്‍ വിമത ശബ്ദമുയര്‍ത്തിയ രണ്ടാംനിര നേതാക്കള്‍ക്കൊപ്പം എ.കെ ആന്റണി, വി.എം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കൂടി ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ വിമതസ്വരം കനത്തിട്ടുണ്ട്.
പാര്‍ട്ടിയെയും നിയമസഭാകക്ഷിയെയും നയിക്കുന്ന എം.എം ഹസന്റെയും രമേശ് ചെന്നിത്തലയുടെയും പ്രവര്‍ത്തനശൈലിയോടു വിയോജിപ്പുള്ളവരുടെ ഏകീകരണത്തിന് ഇതുവഴി കളമൊരുങ്ങുന്നതായും സൂചനയുണ്ട്. പഴയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കു പുറത്താണ് ഈ ഏകീകരണം.
ഹസന്‍ ഇപ്പോള്‍ താല്‍ക്കാലിക കെ.പി.സി.സി പ്രസിഡന്റാണ്. പുതിയ പ്രസിഡന്റിനെക്കുറിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആലോചിക്കുന്ന സന്ദര്‍ഭത്തിലാണ് ഭിന്നത പൊട്ടിപ്പുറപ്പെടുന്നത്. ഹസനെ തുടരാനനുവദിക്കാന്‍ ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിമതസ്വരം അതിനു തടസമായേക്കാനിടയുണ്ട്. സംസ്ഥാനതല യാത്ര നയിക്കുന്ന അദ്ദേഹം പലയിടങ്ങളിലും ബില്ലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നുമുണ്ട്.
ഇടതു സര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവും വേണ്ടത്ര വിജയിക്കുന്നില്ലെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ബില്ലിന്റെ പേരില്‍ പാര്‍ട്ടിക്കു നേരിട്ട തിരിച്ചടി ഇതിനു ബലം പകരാനിടയുണ്ട്. ഇതു തിരിച്ചറിഞ്ഞ് കരുതലോടെയാണ് ഇരുവരും പ്രതികരിക്കുന്നത്. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ബില്ലിനെ പിന്തുണച്ചതെന്ന് പറയുമ്പോഴും ശക്തമായി ന്യായീകരിക്കാന്‍ അവര്‍ തയാറാകുന്നില്ല.
പകരം അവര്‍ക്കൊപ്പം നില്‍ക്കുന്ന ചിലരാണ് വി.ടി ബല്‍റാമിനോടെന്ന മട്ടില്‍ വിമതപക്ഷത്തോട് മറുപടി പറയുന്നത്. യുവ എം.എല്‍.എമാരായ റോജി എം. ജോണും കെ.എസ് ശബരീനാഥനും പാര്‍ട്ടി നേതൃത്വത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഇരു ചേരികളിലുമായി പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."