കണ്ണൂര്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍: പി.സതികുമാര്‍ അടക്കം നാല് പേര് അറസ്റ്റില്‍
തൃശൂര്‍: കണ്ണൂരില്‍ 2016-17ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ സംഘടിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഇത്തവണ തൃശൂരില്‍ നടന്ന സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ സമര്‍പ്പിച്ച കേസില്‍ അറസ്റ്റിലായി ജ്യാമത്തില്‍ ഇറങ്ങിയ തിരുവനന്തപുരം സ്വദേശി പി സതികുമാര്‍, ചേര്‍ത്തല സ്വദേശി സജീവ് വാറനാട്ട്, അന്‍ഷാദ് അസീസ്, വിഷ്ണു കലാര്‍പ്പണ എന്നിവരെയാണു തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പി സതികുമാറിനെ തിരുവനന്തപുരത്തു പോയി പിടികൂടിയ സംഘം മറ്റു മൂന്നുപേരെയും തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജയിലില്‍ കഴിഞ്ഞിരുന്ന സതികുമാര്‍ രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. കണ്ണൂര്‍ കലോത്സവത്തിലും സതികുമാര്‍ പണം വാങ്ങിയതായി വിവരം ലഭിച്ചതിനാലാണ് അറസ്റ്റ്. ജാമ്യത്തിലിറങ്ങിയശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു സതികുമാര്‍. തൃശൂര്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു കണ്ണൂര്‍ കലോത്സവത്തിലെ മത്സരാര്‍ഥിയുടെ മാതാവ് നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."