രാജേഷ് വധം: യുവതിയുടെ ശ്രമം കേസ് വഴിതിരിച്ചുവിടാനെന്ന് പൊലിസ്
തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ കൊലപ്പെടുത്തിയത് തന്റെ മുന്‍ഭര്‍ത്താവല്ലെന്ന രാജേഷിന്റെ സുഹൃത്തും നൃത്താധ്യാപികയുമായ യുവതിയുടെ വെളിപ്പെടുത്തലുകളെ തള്ളി അന്വേഷണസംഘം.
കഴിഞ്ഞ ദിവസം ഖത്തറില്‍ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞ വിവരങ്ങള്‍ കേസ് വഴിതിരിച്ചുവിടാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുമുള്ള തന്ത്രമെന്നാണ് അന്വേഷണ സംഘം പറയുന്നത്. രാജേഷിനെപ്പോലെ നിഷ്‌കളങ്കനായ ഒരു സാധാരണക്കാരനെ കൊലപ്പെടുത്താന്‍ തന്റെ മുന്‍ഭര്‍ത്താവ് സത്താറിന് കഴിയില്ലെന്നാണ് യുവതി അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍, ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനേയും ഇയാളുടെ ജിംനേഷ്യത്തിലെ ട്രെയിനറും കുടുംബ സുഹൃത്തുമായ സ്വാലിഹ് ബിന്‍ ജലാലിനുമെതിരേ മതിയായ തെളിവുകളുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നേറുന്നതെന്നും അന്വേഷണ ചുമതല വഹിക്കുന്ന ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു. കേസില്‍ ഇതുവരെ ലഭിച്ച തെളിവുകളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും സംഭവത്തില്‍ സ്വാലിഹിന്റെയും സത്താറിന്റെയും പങ്ക് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെടുംവരെ ആരും കുറ്റമേല്‍ക്കാറില്ലെന്നും കേസില്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നേറുന്നതെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. നൃത്താധ്യാപികയുടെ അഭിമുഖമൊന്നും പൊലിസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിലല്ല കേസ് അന്വേഷിക്കുന്നത്. കൊലപാതക കേസില്‍ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലിസ് പരസ്യപ്പെടുത്തുമെന്നും അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇപ്പോള്‍ അതേപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അസാധ്യമാണെന്നും ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."