കെല്‍ട്രോണില്‍ അനധികൃത പ്രമോഷന്‍; ജീവനക്കാര്‍ മന്ത്രിക്ക് പരാതി നല്‍കി
കണ്ണൂര്‍: കെല്‍ട്രോണ്‍ കോംപൊണന്റ് കോംപ്ലക്‌സ് കമ്പനിയില്‍ ചട്ടം മറികടന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഉദ്യോഗ കയറ്റം നല്‍കാനുള്ള ശ്രമത്തിനെതിരേ ജീവനക്കാര്‍ വകുപ്പ് മന്ത്രിക്കും എം.ഡിക്കും പരാതി നല്‍കി. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സീനിയോരിറ്റി അനുസരിച്ച് ഉദ്യോഗ കയറ്റം നല്‍കാതെയാണ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സ്വന്തം പ്രമോഷനു വേണ്ടി നടപടി ആരംഭിച്ചതെന്നാണ് ആരോപണം. ഉദ്യോഗകയറ്റത്തിന് സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പാനലാണ് ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍ ഡെപ്യൂട്ടി മാനേജറുടെ ഉദ്യോഗ കയറ്റത്തിന് കീഴ് ജീവനക്കാരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
കെല്‍ട്രോണിലെ പതിവിന് വിപരീതമായാണ് 2017 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെ ഉദ്യോഗകയറ്റത്തിനുള്ള ശുപാര്‍ശയെന്നുമാണ് ആരോപണം. 2016-17 വര്‍ഷത്തില്‍ കെല്‍ട്രോണില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷന്‍ നല്‍കിയിരുന്നില്ല. സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും നപടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാലുമാണ് ഈ പ്രമോഷന്‍ തടസപ്പെട്ടതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് മുന്‍കാല പ്രാബല്ല്യത്തോടെ ഉദ്യോഗ കയറ്റത്തിന് നീക്കം നടക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."