കരുണ കാണിക്കേണ്ടത് ആരോട്
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 'കോഴപ്രവേശന'ത്തിനു പച്ചക്കൊടി കാട്ടാന്‍ കണ്ണടച്ചു ബില്ലവതരിപ്പിച്ച ഭരണപക്ഷവും പ്രതിപക്ഷവും പിറ്റേന്നു പരമോന്നത നീതിപീഠത്തില്‍നിന്നു തരത്തിനു കിട്ടിയപ്പോള്‍ പറഞ്ഞ ന്യായീകരണം 'വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്താണ് ബില്ലുപാസാക്കിയതെ'ന്നാണ്. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ കോഴ വാങ്ങിയ മാനേജ്‌മെന്റുകളെ കൊന്നുതിന്നാനുള്ള വെറുപ്പുണ്ടെങ്കിലും കുട്ടികളുടെ ജീവിതം തകര്‍ക്കാന്‍ പാടില്ലല്ലോ എന്ന ചോദ്യമാണു സംഘഗാനം പോലെ മന്ത്രിമാരും പ്രതിപക്ഷനേതാവും ഭരണപക്ഷ, പ്രതിപക്ഷ ജനപ്രതിനിധികളും ഉന്നയിച്ചത്.
ഇങ്ങനെയൊരു ബില്ല് പാസാക്കിയില്ലായിരുന്നെങ്കില്‍ നൂറ്റെണ്‍പതോളം കുട്ടികള്‍ ആത്മഹത്യ ചെയ്യുമായിരുന്നെന്നും അവര്‍ പറഞ്ഞു. അതു കേട്ടാല്‍ എത്ര ശരിയെന്നു സമ്മതിച്ചുപോകും. ഇത്രയും കുട്ടികളെ ആത്മഹത്യയിലേയ്ക്കു തള്ളിവിടുന്നതു കൊടുംക്രൂരതയല്ലേ. അതിലും നല്ലത് കോടികള്‍ കോഴവാങ്ങിയതു കണ്ടില്ലെന്നു നടിക്കുന്നതല്ലേ.
ഈ 'കാരുണ്യജീവിക'ളുടെ കണ്ണില്‍ ക്രൂരന്മാരാണു നീതിപീഠവും മാധ്യമങ്ങളും. ഒരു ഓര്‍ഡിനന്‍സല്ലേ അതങ്ങനെ പോകട്ടെയെന്നോ ബില്ലായിക്കഴിഞ്ഞല്ലോ ഇനി അതിന്മേല്‍ ഉത്തരവു വേണ്ടെന്നോ ന്യായാധിപന്മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പൊല്ലാപ്പുണ്ടാകുമായിരുന്നോ. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേരളത്തില്‍ വെറും 180 പേരെ ബാധിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ഇങ്ങനെ കയറെടുക്കേണ്ടതുണ്ടോ.
'' ഞങ്ങളെത്ര ഉദാരര്‍, ഞങ്ങളുടെ മഹാമനസ്‌കത അംഗീകരിക്കൂ'' എന്നാണ് അഴിമതിയുടെ കറപുരണ്ട ഉള്ളംകൈ പുറകോട്ടു മാറ്റി ഈ മഹാന്മാര്‍ ചോദിക്കുന്നത്. തങ്ങള്‍ക്കിതില്‍ ഒരു സാമ്പത്തികനേട്ടവുമില്ലെന്ന് അവര്‍ പറയുന്നതു നാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണമത്രേ!
തീര്‍ച്ചയായും കരുണ കാണിക്കണം, അത് അര്‍ഹിക്കുന്നവരോടായിരിക്കണം.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ കരുണ അര്‍ഹിക്കുന്നുണ്ടോ.
നിയമസഭാ സാമാജികര്‍ അവകാശപ്പെടുന്നപോലെ മാനേജ്‌മെന്റിനുവേണ്ടിയല്ല ബില്ല് എന്നു സമ്മതിച്ചാല്‍ത്തന്നെ ആരാണ് ഈ 'സാധൂകരിക്ക'ലിന്റെ നേട്ടം കൊയ്യുന്നത്. കോടിക്കണക്കിനു കോഴപ്പണം മാനേജ്‌മെന്റുകള്‍ക്കു സംരക്ഷിക്കാനായി.
അതിലൊരു പങ്ക് അവര്‍ പലരുടെയും വായില്‍ തിരുകി നിശബ്ദരാക്കി. നേട്ടം കോടികള്‍ വിഴുങ്ങിയ മാനേജ്‌മെന്റിനും ഒത്താശരാഷ്ട്രീയക്കാര്‍ക്കും.
ഇനി വിദ്യാര്‍ഥികളോടുള്ള മാനുഷികതയുടെ കാര്യം.
ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗാമിന്റെ ഭാഗമായി ലോകബാങ്കും സ്റ്റാന്‍സ്‌ഫെഡ് സര്‍വകലാശാലയും ഈയിടെ ഇന്ത്യയിലും റഷ്യയിലും ചൈനയിലും ഒരു പഠനം നടത്തി. ഇന്ത്യയിലെ അഭ്യസ്തവിദ്യരില്‍ ബഹുഭൂരിപക്ഷവും ജോലിക്ക് അയോഗ്യരാണെന്നാണ് അതില്‍ പറയുന്നത്.
ഏറ്റവും മോശം എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഇന്ത്യയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ നാലിലൊന്നു മാത്രമാണ് ജോലിക്കു യോഗ്യരെന്നു പത്തുവര്‍ഷം മുമ്പത്തെ മെക്കിന്‍സെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അവിടെനിന്നു മുന്നോട്ടല്ല, പിന്നോട്ടാണ് ഇന്ത്യ പോയിരിക്കുന്നതെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. യോഗ്യതയുള്ളവരുടെ ഇപ്പോഴത്തെ ശതമാനം 20 മാത്രമാണ്, അഞ്ചിലൊന്ന്!
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ കുട്ടികളുടെ നിലവാരം സംബന്ധിച്ചു വന്ന പത്രവാര്‍ത്തയിലെ വിശദാംശം ഇവിടെ പകര്‍ത്തട്ടെ. ഇവിടെ പ്രവേശനം കിട്ടിയ വിദ്യാര്‍ഥികളില്‍ പലരും ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്)യില്‍ മൂന്നു ലക്ഷത്തിനും നാലരലക്ഷത്തിനുമിടയില്‍ മാത്രം റാങ്കുള്ളവരാണ്.
ഇവിടെ ഒന്നാമതായി പ്രവേശനം കിട്ടിയ വിദ്യാര്‍ഥിക്കു പോലും 720 ല്‍ 452 മാര്‍ക്കാണു കിട്ടിയത്. അവസാനത്തെയാള്‍ക്കു കിട്ടിയത് 120 മാര്‍ക്ക്. ആ വിദ്യാര്‍ഥിയുടെ റാങ്ക് 4,32,009. ഇവരില്‍ പലരും 45 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ കോഴ നല്‍കിയാണു പ്രവേശനം നേടിയത്.
മറ്റു പല സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളെക്കാള്‍ മെച്ചമാണ് ഈ റാങ്കുകളെന്ന് ആ വാര്‍ത്തയില്‍ തന്നെ പറയുന്നു. അപ്പോള്‍, കോഴയിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ അര്‍ഹരായവരുടെ നിലവാരം ഓര്‍ത്തുനോക്കൂ.
കേരളത്തില്‍ പഠനിലവാരത്തില്‍ ഏറെ മുന്നിലുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോഴാണു രക്ഷിതാക്കളുടെ കൈയില്‍ ആറ്റില്‍ത്തള്ളാന്‍ പാകത്തില്‍ കണക്കില്ലാത്ത കോടികളുണ്ടെന്ന ഒറ്റക്കാരണത്താല്‍ നിലവാരം കുറഞ്ഞ വിദ്യാര്‍ഥികള്‍ വൈദ്യം പഠിക്കുന്നത്. മുറിവൈദ്യന്മാര്‍ ആളെ കൊല്ലുമെന്നാണല്ലോ പ്രമാണം.
എം.ബി.ബി.എസിനു പ്രവേശനം കിട്ടാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളോടു കരുണ കാണിക്കാത്ത ഭരണകൂടമാണു നിലവാരമില്ലാതെ, അര്‍ഹതയില്ലാതെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും അവര്‍ക്കുവേണ്ടി കാശെറിഞ്ഞ രക്ഷിതാക്കള്‍ക്കും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്. തങ്ങളേക്കാള്‍ ഏറെ പിറകിലുള്ളവര്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളായി വിലസുമ്പോള്‍ ആര്‍ക്കുംവേണ്ടാത്ത കോഴ്‌സുകളില്‍ അഭയം പ്രാപിക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ കരുണയര്‍ഹിക്കുന്നവരാണെന്നു ജനപ്രതിനിധികള്‍ക്കു തോന്നിയില്ല. ലക്ഷങ്ങളോ കോടികളോ ഇല്ലാതെ പോയതിനാല്‍ അവസരം നിഷേധിക്കപ്പെട്ടവരാണവര്‍.
കോടിക്കണക്കിനു രൂപ ചെലവഴിച്ചു വൈദ്യശാസ്ത്രം പഠിച്ചുവരുന്ന ഡോക്ടര്‍ക്ക് ആരോടായിരിക്കും, എന്തിനോടായിരിക്കും കൂറ്. പണത്തിനോടല്ലാതെ മറ്റൊന്നിനോടുമുണ്ടാകില്ല.
ഗാന്ധിത്തലയുള്ള കെട്ടുകള്‍ മുന്നില്‍ കണ്ടാലേ അവരുടെ മനസ്സിളകൂ. കാരണം, ഏതൊരു ബിസിനസ്സിലും മുതല്‍മുടക്കു തിരിച്ചുപിടിക്കല്‍ തന്നെയായിരിക്കും ആദ്യലക്ഷ്യം.
ഇപ്പോള്‍ത്തന്നെ നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ മിക്കതും അറവുശാലകളാണെന്നതാണു ജനത്തിന്റെ അനുഭവം.
രക്ഷിക്കാനാവില്ലെന്നറിഞ്ഞിട്ടും ദിവസങ്ങളോളം വെന്റിലേറ്ററിലിട്ട രോഗിയുടെ മൃതദേഹം ലക്ഷക്കണക്കിനു രൂപയുടെ ബില്ലടയ്ക്കാത്തതിനാല്‍ വിട്ടുകൊടുക്കാത്തതുപോലുള്ള എത്ര സംഭവങ്ങള്‍. കോടികള്‍ മുടക്കി എം.ബി.ബി.എസും എം.ഡിയും 'വാങ്ങുന്ന'വനു രോഗി മരിച്ചാലെന്ത്, ജീവിച്ചാലെന്ത്.., പണം കിട്ടണം അത്രതന്നെ.
ഭരണകൂടം കരുണകാണിക്കേണ്ടത് രോഗികളോടാണ്.
അവരെ ചികിത്സിക്കാന്‍ മിടുക്കരായവരെ മാത്രം പഠിപ്പിക്കാനുള്ളതാകണം വൈദ്യശാസ്ത്രം.
കാരണം, ഭിഷഗ്വരന്‍ കൈകാര്യം ചെയ്യുന്നതു മനുഷ്യജീവനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."