സര്‍ക്കാരിനെതിരേ ചിത്രലേഖ ഹൈക്കോടതിയിലേക്ക്
കണ്ണൂര്‍: സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമത്തില്‍ ദലിത്പീഡനത്തിനെതിരേ നിരന്തര സമരം നടത്തി ശ്രദ്ധേയയായ വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വീടു വയ്ക്കാനായി സ്ഥലം അനുവദിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയതോടെ ചിത്രലേഖ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ആലോചിക്കാനായി അഭിഭാഷകനുമായി ഇന്നലെ ചിത്രലേഖ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
ചിത്രലേഖയ്ക്ക് പിന്തുണയുമായി ഇന്നലെ കെ. സുധാകരന്‍, സതീശന്‍ പാച്ചേനി, കെ.എം ഷാജി എം.എല്‍.എ, ലതികാ സുഭാഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീടുപണി നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചിത്രലേഖയ്ക്ക് പിന്തുണയുമായി എത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ചുസെന്റ് ഭൂമിയില്‍ വീട് നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സ്ഥലം അനുവദിച്ച തീരുമാനം റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി റദ്ദാക്കിയത്. നേരത്തെ താമസിച്ച പയ്യന്നൂര്‍ എടാട്ടെ സ്ഥലം സര്‍ക്കാര്‍ നല്‍കിയതാണെന്ന കാരണത്താലാണ് റദ്ദാക്കല്‍ നടപടി സ്വീകരിച്ചത്.
എന്നാല്‍, എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സര്‍ക്കാരില്‍ നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നുമാണ് ചിത്രലേഖയുടെ നിലപാട്. എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തില്‍ 2014-15ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടില്‍ കെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തിയിരുന്നു. പിന്നീട് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിന് മുന്‍പിലും സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."