വിവാദ പരാമര്‍ശം, അമിത്ഷാക്ക് പ്രതിപക്ഷ ബഹുമാനമില്ലെന്ന് രാഹുല്‍
ബംഗളൂരു: മോദിയെ എതിരിടാന്‍ പാമ്പും കീരിയും പട്ടിയും പൂച്ചയുമെല്ലാം ഒന്നിക്കുന്നുവെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം. മുംബൈയില്‍ നടന്ന ബി.ജെ.പി 38ാം സ്ഥാപക ദിനാഘോഷ പരിപാടിയിലായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.
പ്രതിപക്ഷ ബഹുമാനമില്ലാത്ത പരാമര്‍ശമാണ് അമിത്ഷാ നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെയെല്ലാം മൃഗങ്ങളോടും മറ്റും ഉപമിച്ചത് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പ്രഖ്യാപിത നിലപാടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് മൃഗങ്ങളല്ലാത്ത രണ്ടുപേരാണ് നരേന്ദ്ര മോദിയും അമിത്ഷായുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത്ഷായെ പരിഹസിച്ചുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചത്.
എല്ലാവരേയും മൃഗങ്ങളോട് ഉപമിച്ചത് നന്നായി. അദ്ദേഹം ലോകത്തെ കാണുന്നത് ഇത്തരത്തിലാണ്. അമിത് ഷാ പറഞ്ഞതായതുകൊണ്ട് ഇതിനോട് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അമിത്ഷായുടെ നിരീക്ഷണത്തില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമേ മനുഷ്യരായുള്ളൂ. ബാക്കിയുള്ളവരെല്ലാം ഒരു യോഗ്യതയുമില്ലാത്തവരാണ്. ദലിതുകള്‍ മാത്രമല്ല ഗോത്ര വര്‍ഗക്കാരും ന്യൂനപക്ഷങ്ങളെയുമെല്ലാം ബി.ജെ.പി മനുഷ്യരായി കാണുന്നില്ല.
ഇക്കൂട്ടത്തില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്തിനേറെ നിതിന്‍ ഗഡ്കരിവരെ മനുഷ്യരല്ലെന്നാണ് അമിത്ഷാ പറയുന്നത്. ഏതായാലും ലോകത്ത് മോദിയും അമിത് ഷായും അടങ്ങുന്ന രണ്ട് മനുഷ്യരേയുള്ളൂ എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."