കാണാം തുല്യ ശക്തികളുടെ പോരാട്ടം
ഫ്‌ളോറിഡ: കോപ്പ അമേരിക്കയില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ കോസ്റ്റ റിക്ക, പരാഗ്വെയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടം കൂടിയാണിത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ കോസ്റ്റാറിക്കയ്ക്ക് മുന്‍തൂക്കമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡ് കപ്പിലെ മോശം പ്രകടനത്തില്‍ നിന്നു പാഠം പഠിച്ച കോസ്റ്റ റിക്ക മുന്നേറ്റത്തിന്റെ പാതയിലാണ്. വെനസ്വെല, ജമൈക്ക, ടീമുകള്‍ക്കെതിരേയുള്ള സന്നാഹ മത്സരങ്ങളില്‍ നേടിയ ജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോച്ച് ഓസ്‌കര്‍ റാമിറെസിന്റെ തന്ത്രങ്ങളാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. അമേരിക്കയും കൊളംബിയയും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പരാഗ്വെ. എല്ലാ മത്സരങ്ങളിലും വിജയിക്കാന്‍ ശ്രമിക്കുക എന്നതാണ് ടീമിന്റെ പദ്ധതിയെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ വന്‍ ശക്തികളായ ഇറ്റലിയെയും ഇംഗ്ലണ്ടിനെയും വീഴ്ത്തിയതു പോലുള്ള പ്രകടനങ്ങള്‍ ടീമില്‍ നിന്നു പ്രതീക്ഷിക്കാമെന്നും കോച്ച് പറഞ്ഞു. സ്റ്റാര്‍ ഗോള്‍ കീപ്പറായ കെയ്‌ലര്‍ നവാസ് പരുക്കിനെ തുടര്‍ന്ന് കളിക്കില്ലെന്നതാണ് കോസ്റ്റാറിക്കയെ അലട്ടുന്ന ഘടകം. പകരക്കാരനായി പാട്രിക്ക് പെമ്പര്‍ട്ടനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരാഗ്വെയുടെ മധ്യനിരയും മുന്നേറ്റനിരയും ടൂര്‍ണമെന്റിലെ തന്നെ മികച്ചവയാണ്. ആല്‍വാരോ സാബോറിയോ, ജോയെല്‍ കാംപെല്‍ എന്നിവരാണ് മുന്നേറ്റത്തിലെ കുന്തമുനകള്‍. വിങുകളിലൂടെ ആക്രമണം നടത്താന്‍ ശേഷിയുള്ള താരം കൂടിയാണ് കാംപല്‍. മധ്യനിരയില്‍ ബ്രയാന്‍ റൂയിസും, സെല്‍സോ ബോര്‍ഗസും ടീമിന്റെ കരുത്താണ്. പ്രതിരോധത്തില്‍ ഗാംബോവ, അക്കോസ്റ്റ എന്നീ താരങ്ങളുടെ മികവും ടീമിനെ ശക്താക്കുന്നു.
മറുവശത്ത് പരാഗ്വെയ്ക്കും മികച്ച താരങ്ങളുടെ പിന്തുണയുണ്ട്. ജസ്റ്റോ വില്ലര്‍ എന്ന സൂപ്പര്‍ താരമാണ് ടീം ഗോളി. 2011ലെ കോപ്പയില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതിലും കഴിഞ്ഞ തവണ ടീമിനെ നാലാം സ്ഥാനത്തെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് വില്ലാറായിരുന്നു. ഇത്തവണയും വില്ലാറില്‍ നിന്ന് മാന്ത്രിക പ്രകടനങ്ങള്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. പൗലോ ഡാ സില്‍വയാണ് പരാഗ്വെയുടെ നായകന്‍. പ്രതിരോധത്തില്‍ ടീമിന്റെ കാവലാളാവാന്‍ ഡാ സില്‍വയ്ക്ക് സാധിക്കും. ഒപ്പം സമൂദിയോ, ഗോമസ് തുടങ്ങിയവരും പ്രതിരോധത്തിലെ കരുത്താണ്. എന്നാല്‍ പ്രമുഖ താരങ്ങളായ സാന്തക്രൂസ്, ലൂക്കാസ് ബാരിയോസ്, റൗള്‍ ബോഡബില്ല എന്നിവരെ ഒഴിവാക്കിയത് ടീമിന് ഏത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. മുന്നേറ്റ താരങ്ങളായ ലെസ്‌കാനോ, ബെനിറ്റെസ് എന്നിവര്‍ മികവിലേക്കുയരുമെന്നാണ് പരാഗ്വെ കരുതുന്നത്.
ഇരുവരും നേരത്തെ കോപ്പയില്‍ ഏറ്റുമുട്ടിയപ്പോള്‍ പരാഗ്വെയ്ക്കായിരുന്നു ജയം. ഇതുവരെ അഞ്ചു മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ജയം വീതം ഇരുവരും സ്വന്തമാക്കി. ഒരെണ്ണം സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."