ബ്രെക്‌സിറ്റ് അനുകൂല കാംപയിന്‍ സംഘങ്ങള്‍ക്കായി വിവരങ്ങള്‍ ചോര്‍ത്തി
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ ബ്രിട്ടനു വേണ്ടി പ്രചാരണ കാംപയിന്‍ നയിച്ച ഡാറ്റാ കണ്‍സള്‍ട്ടന്‍സി കമ്പനിയെ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. അഗ്രിഗേറ്റ് ഐക്യു(എ.ഐ.ക്യു) എന്ന പേരിലുള്ള കനേഡിയന്‍ കമ്പനിക്കെതിരേയാണ് ഫേസ്ബുക്കിന്റെ നടപടി.
നേരത്തെ വിവാദത്തില്‍പെട്ട കേംബ്രിജ് അനലിറ്റിക്കിയുമായി ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ട കമ്പനി ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് നടപടി കൈക്കൊണ്ടത്. അനുചിതമായും തെറ്റായ വഴികളിലൂടെയും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാണു നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2016ല്‍ നടന്ന യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോകാനായി ബ്രിട്ടന്‍ നടത്തിയ ജനഹിത പരിശോധനയായ ബ്രെക്‌സിറ്റില്‍ കാംപയിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതായാണ് എ.ഐ.ക്യുക്കെതിരായ ആരോപണം. ബ്രെക്‌സിറ്റ് അനുകൂല കാപംയിനായ 'വോട്ട് ലീവി'നു വേണ്ടിയാണ് കമ്പനി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഇതിന് കാംപയിന്‍ വൃത്തങ്ങള്‍ കമ്പനിക്ക് 30,80,000 യു.എസ് ഡോളര്‍(ഏകദേശം 24,69,03,404 രൂപ) കൈമാറുകയും ചെയ്തിട്ടുണ്ടത്രെ. തങ്ങളുടെ കാംപയിനിന്റെ വലിയ വിജയത്തിനു പിന്നില്‍ എ.ഐ.ക്യു ആണെന്നും അവരില്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു നേട്ടം സാധ്യമായിരുന്നില്ലെന്നുമുള്ള 'വോട്ട് ലീവ് ' കാംപയിന്‍ മേധാവി ഡൊമിനിക് കമ്മിങ്‌സിന്റെ പ്രതികരണം നേരത്തെ എ.ഐ.ക്യുവിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു പിന്നീട് വെബ് പേജില്‍നിന്നു നീക്കിയതായാണു വിവരം.
വിവിധ ബ്രെക്‌സിറ്റ് അനുകൂല കാംപയിന്‍ സംഘങ്ങളില്‍നിന്നായി എ.ഐ.ക്യു ആകെ 32,00,59,968 രൂപ സ്വന്തമാക്കിയതായാണു വിവരം. 'വോട്ട് ലീവി'നു പുറമെ ഡെമോക്രാറ്റിക്ക് യൂനിയനിസ്റ്റ് പാര്‍ട്ടി, വെറ്ററന്‍സ് ഫോര്‍ ബ്രിട്ടന്‍ എന്നിവയുമായാണ് എ.ഐ.ക്യു ബ്രെക്‌സിറ്റ് കാംപയിനിങ്ങിനു വേണ്ടി സഹകരിച്ചത്. എന്നാല്‍, ആരോപണം എ.ഐ.ക്യു നിഷേധിച്ചു. തങ്ങള്‍ക്ക് കേംബ്രിജ് അനലിറ്റിക്കയുമായോ അവരുടെ മാതൃസ്ഥാപനമായ എസ്.സി.എല്ലുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."