ഭാരമുയര്‍ത്തി പൊന്നണിഞ്ഞ് ഇന്ത്യ മുന്നേറുന്നു
ഗോള്‍ഡ് കോസ്റ്റ്: ഭാരോദ്വഹന താരങ്ങള്‍ മുന്നേറ്റം തുടര്‍ന്ന മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റിലേക്ക് രണ്ട് സ്വര്‍ണം കൂടി എത്തി. മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ഒരറ്റ ഇനത്തില്‍ വിവിധ വിഭാഗങ്ങളിലായി നേടിയത് നാല് സ്വര്‍ണം ഒരോ വെള്ളി, വെങ്കലം ഉള്‍പ്പെടെ ആറ് മെഡലുകള്‍. ആദ്യ രണ്ട് ദിവസങ്ങളില്‍ വനിതാ താരങ്ങളാണ് ഇന്ത്യയെ പൊന്നണിയിച്ചതെങ്കില്‍ മൂന്നാം ദിനത്തില്‍ അത് രണ്ട് പുരുഷന്‍മാരുടെ വകയായി.
നാല് സ്വര്‍ണവും ഓരോ വെള്ളി, വെങ്കലം മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്. 20 സ്വര്‍ണം 17 വെള്ളി 20 വെങ്കലം മെഡലുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 14 സ്വര്‍ണം 12 വെള്ളി ആറ് വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും അഞ്ച് സ്വര്‍ണം ഏഴ് വെള്ളി ആറ് വെങ്കലം മെഡലുമായി കാനഡ മൂന്നാം സ്ഥാനത്തം നില്‍ക്കുന്നു.
സ്വര്‍ണ നേട്ടം ആവര്‍ത്തിച്ച് സതിഷ്
77 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങി സതിഷ് കുമാര്‍ ശിവലിംഗമാണ് ഇന്ത്യക്ക് മൂന്നാമത്തെ സ്വര്‍ണം സമ്മാനിച്ചത്. നാല് വര്‍ഷം മുന്‍പ് ഗ്ലാസ്‌ഗോ ഗെയിംസിലും സ്വര്‍ണം നേടിയ സതിഷ് ഇവിടെയും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ തുടരെ രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഭാരോദ്വഹന താരമെന്ന റെക്കോര്‍ഡും സതിഷ് നേടി. സ്‌നാച്ചില്‍ 144 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 173 കിലോയും ഭാരമുയര്‍ത്തി മൊത്തം 317 കിലോ ഭാരം തികച്ചാണ് സതിഷ് നേട്ടത്തിലെത്തിയത്. ഈ ഇനത്തില്‍ ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവര്‍ വെള്ളിയും ആസ്‌ത്രേലിയയുടെ ഫ്രാങ്കോയിസ് എറ്റോന്‍ഡി വെങ്കലവും നേടി.
നാലാം സ്വര്‍ണം രാഹുല്‍ വക
ഇന്ത്യയുടെ നാലാം സ്വര്‍ണം ഉയര്‍ത്താനുള്ള നിയോഗം രഗല വെങ്കട്ട് രാഹുലിനായിരുന്നു. പുരുഷന്‍മാരുടെ 85 കിലോയില്‍ മത്സരിക്കാനിറങ്ങിയ രാഹുല്‍ സ്‌നാച്ചില്‍ 151 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 187 കിലോയും ഭാരമുയര്‍ത്തി 338 കിലോ തികച്ചാണ് സുവര്‍ണ നേട്ടത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് രാഹുല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടിയത്.
ഹോക്കിയില്‍ സമനിലത്തുടക്കം
പുരുഷ വിഭാഗം ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി സമനിലയില്‍ പിരിഞ്ഞു. 2-1ന് മുന്നില്‍ നിന്ന ശേഷം അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് ഇന്ത്യ 2-2ന് സമനിലയില്‍ കുരുങ്ങിയത്. ഇന്ത്യക്കായി ദില്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഗോള്‍ നേടിയത്.
സെമിയിലെത്തി ബാഡ്മിന്റണ്‍ സംഘം
കിഡംബി ശ്രീകാന്തിന്റെ കരുത്തില്‍ ഇന്ത്യ മൗറീഷ്യസിനെ ക്വാര്‍ട്ടറില്‍ കീഴടക്കി ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തിന്റെ സെമിയിലേക്ക് കടന്നു. 3-0ത്തിനാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യ രണ്ട് ഡബിള്‍സ് പോരാട്ടങ്ങളിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് മുന്നില്‍ നില്‍ക്കേ സിംഗിള്‍സിനായി ഇറങ്ങിയ ശ്രീകാന്ത് അനായാസം മൗറീഷ്യസ് താരം ജോര്‍ജസ് ജൂലിയന്‍ പോളിനെ വീഴ്ത്തി ഇന്ത്യയുടെ മുന്നേറ്റം 3-0ത്തിന് ഉറപ്പാക്കുകയായിരുന്നു.
സ്‌കോര്‍: 21-12, 21-14. 3-0ത്തിന് വിജയിച്ചതോടെ സൈന നേഹ്‌വാള്‍ അടക്കമുള്ള താരങ്ങള്‍ക്ക് മത്സരിക്കാനിറങ്ങേണ്ടി വന്നതുമില്ല. ഇന്ന് നടക്കുന്ന സെമിയില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളി.
അപരാജിതരായി ബോക്‌സര്‍മാര്‍
ബോക്‌സിങ് റിങിലും ഇന്ത്യ പ്രതീക്ഷയോടെ മുന്നേറുകയാണ്. വെറ്ററന്‍ താരങ്ങളായ മനോജ് കുമാര്‍ പുരുഷ വിഭാഗം 59 കിലോയിലും എല്‍ സരിതാ ദേവി വനിതാ വിഭാഗം 60 കിലോയിലും ക്വാര്‍ട്ടറിലേക്ക് കടന്നു. കന്നി കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇറങ്ങിയ മുഹമ്മദ് ഹസ്സമുദ്ദീനും ക്വാര്‍ട്ടറിലേക്ക് മുന്നേറി. താരം 56 കിലോ വിഭാഗത്തിലാണ് അവസാന എട്ടിലെത്തിയത്.
സാജന്‍ പ്രകാശ് ഫൈനലില്‍
ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്നു. ഹീറ്റ്‌സില്‍ 1.58.87 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്ത് യോഗ്യത നേടിയത്. തന്റെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സാജന്‍ പുറത്തെടുത്തത്. മറ്റൊരു താരം ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോകിന്റെ സെമിയിലേക്ക് മുന്നേറി.
ടേബിള്‍ ടെന്നീസിലും സെമി പ്രവേശം
ടേബിള്‍ ടെന്നീസ് പോരാട്ടത്തിലും ഇന്ത്യ മികച്ച മുന്നേറ്റം നടത്തുന്നു. മലേഷ്യയെ പുരുഷ, വനിതാ വിഭാഗം പോരാട്ടങ്ങളില്‍ കീഴടക്കി ഇന്ത്യ സെമിയിലേക്ക് കടന്നു. 3-0ത്തിനാണ് ഇന്ത്യ ഇരു വിഭാഗത്തിന്റെയും ക്വാര്‍ട്ടറില്‍ വിജയം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."