ചങ്കിടിപ്പോടെ ബ്രസീല്‍; കരുത്തുകാട്ടാന്‍ ഹെയ്തി
കാലിഫോര്‍ണിയ: കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിനു ബ്രസീല്‍ നാളെയിറങ്ങും. ഇക്വഡോറാണ് സെലക്കാവോകളുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പെറു ഇത്തിരിക്കുഞ്ഞന്‍മാരായ ഹെയ്തിയെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തിലാണ് കരുത്തരായ ബ്രസീല്‍ ഇക്വഡോറുമായി പോരിനിറങ്ങുന്നത്.
നെയ്മറില്ലാതെ ജയിക്കാന്‍ ബ്രസീല്‍
ലോകകപ്പ് ദുരന്തത്തില്‍ നിന്നു ഇതുവരെ പുറത്തുകടക്കാന്‍ സാധിക്കാത്ത ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത് ചങ്കിടിപ്പോടെയാണ്. സൂപ്പര്‍ താരം നെയ്മര്‍ ടീമിലില്ലാത്തതും ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ നില്‍ക്കെ വെറ്ററന്‍ സ്‌ട്രൈക്കര്‍ കക്ക പരുക്കേറ്റ് പുറത്തായതും അവരെ വല്ലാതെ ഉലയ്ക്കുന്നു. ടീം ആരെ ആശ്രയിക്കും എന്ന കാര്യത്തില്‍ അങ്കലാപ്പിലാണിപ്പോള്‍. പരിചയ സമ്പന്നരായ ഡാനി ആല്‍വെസ്, വില്ല്യന്‍, ഫിലിപ്പ് കുട്ടീഞ്ഞോ, ഓസ്‌കാര്‍, ലൂയിസ് എന്നിവര്‍ ടീമിലുണ്ട്. കരുത്തരായ ഇക്വഡോറിനോട് പിടിച്ചു നില്‍ക്കണമെങ്കില്‍ ശക്തമായ മുന്നേറ്റ നിര തന്നെ വേണം. അഞ്ചു തവണ കോപ്പയിലെ ചാംപ്യന്‍മാരായ ബ്രസീല്‍ ടീമിന്റെ നിലവിലെ അവസ്ഥയില്‍ ദൗര്‍ബല്യങ്ങള്‍ ധാരാളം കണ്ടേക്കാം. ഇപ്പോഴത്തെ ടീം മതിയാകില്ലെന്ന ആക്ഷേപം പല ദിക്കില്‍ നിന്നു ഉയര്‍ന്നു കഴിഞ്ഞു. അവസാനമായി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നു ഗുസ്താവോ പുറത്തായതും കനത്ത തിരിച്ചടിയാണ്. റിക്കാര്‍ഡോ ഒലിവേര, ഡീഗോ കോസ്റ്റ, റഫീഞ്ഞോ, എഡേഴ്‌സണ്‍ എന്നിവരും പരുക്ക് കാരണം പുറത്താണ്. പ്രധാനികളെല്ലാം ടീമില്‍ നിന്നു പുറത്തായെങ്കിലും ശക്തമായ രീതില്‍ കളിക്കുമെന്ന് തന്നെയാണ് കോച്ച് ദുംഗ പറയുന്നത്. എന്നാല്‍ കടലാസിലെ ശക്തി ബ്രസീലിന് ശക്തി പകരുന്നുണ്ട്. ഇരുവരും തമ്മില്‍ കളിച്ച 13 മത്സരങ്ങളില്‍ 12ലും ബ്രസീലിനായിരുന്നു വിജയം. അവസാനം കളിച്ച 2011ലെ മത്സരത്തില്‍ 4-2നാണ് ബ്രസീല്‍ ജയിച്ചത്.
മറുഭാഗത്ത് ഇക്വഡോര്‍ ബ്രസീലിനെ വിറപ്പിക്കാന്‍ പോന്ന ടീം തന്നെയാണ്. എങ്കിലും സന്നാഹ മത്സരങ്ങളില്‍ കാര്യമായ ജയങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാതെയാണ് ഇക്വഡോര്‍ കോപ്പയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പ്രതിരോധ മികവുകൊണ്ട് മത്സരം സ്വന്തമാക്കാനാവുമെന്നാണ് ഇക്വഡോര്‍ കരുതുന്നത്. ബ്രസീലിന് പുറമേ ഗ്രൂപ്പില്‍ നിന്നു മുന്നേറാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തിന് ശക്തി നല്‍കി 4-4-2 ശൈലിയിലായിരിക്കും ഇക്വഡോര്‍ ടീമിനെ കളത്തിലിറക്കുക. കഴിഞ്ഞ ഏഴു വര്‍ഷമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന അന്റോണിയോ വലന്‍സിയ തന്നയാണ് അവരുടെ ശ്രദ്ധേയ താരം. ഒപ്പം ഗബ്രിയേല്‍ അചില്ലിയര്‍, എനര്‍ വലന്‍സിയ, ബൊലാനോസ്, റാമിറസ്, ബൊലാനോസ് എന്നിവരും മികവുറ്റവര്‍ തന്നെ. ഇവരെ അട്ടിമറികടക്കണമെങ്കില്‍ ബ്രസീല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
പാരമ്പര്യക്കരുത്തുമായി പെറു
ആദ്യ മത്സരത്തില്‍ ഹെയ്തിയെ നേരിടുന്ന പെറുവിന് മത്സര പരിചയത്തിന്റെ മാനസിക മുന്‍തൂക്കമുണ്ട്. എന്നാല്‍ അട്ടിമറിക്ക് കെല്‍പുള്ളവരാണ് ഹെയ്തി. കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ടീമിന് സാധിച്ചിരുന്നു. ആക്രമണത്തില്‍ പേരു കേട്ട ഹെയ്തി പൊരുതാനുറച്ച് തന്നെയാണ് കളത്തിലിറങ്ങുക. ഇരുവരും തമ്മില്‍ കോപ്പയില്‍ ഏറ്റുമുട്ടുന്ന ആദ്യ മത്സരം കൂടിയാണിത്. സന്നാഹ മത്സരങ്ങളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കാന്‍ ടീമിനായിട്ടുണ്ടെങ്കിലും ജയമൊന്നും നേടാന്‍ സാധിച്ചിട്ടില്ല. ജെഫ് ലൂയിസ്, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവരാണ് മുന്നേറ്റത്തില്‍ ഹെയ്ത്തിയുടെ കരുത്ത്. ജോണി പ്ലാസൈഡാണ് ടീം ഗോളി. കിം ജാഗി, മെഷാക് ജെറോം എന്നിവര്‍ ടീമിന്റെ പ്രതിരോധ കോട്ട കാക്കും. മാക്‌സ് ഹിലെയര്‍, സോണി അല്‍സെനാറ്റ് എന്നിവര്‍ മധ്യനിരയില്‍ മികവ് പ്രകടിപ്പിക്കുന്നവരാണ്. കൊളംബിയക്കെതിരേയുള്ള സന്നാഹ മത്സരത്തില്‍ തോറ്റെങ്കിലും ഒരു ഗോള്‍ തിരിച്ചടിച്ച ടീമിന്റെ വീര്യം പെറുവിനെതിരേയും പ്രതീക്ഷിക്കാമെന്നാണ് കോച്ച് പാട്രിസ് നെവ്യൂ വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്‍ ബഗാന്‍ താരം സോണി നോര്‍ദെ ഹെയ്തി നിരയില്‍ കളിക്കാനിറങ്ങുന്നത് ഇന്ത്യക്കാര്‍ക്ക് മത്സരം കാണാനുള്ള ആവേശം പകര്‍ന്നേക്കും.
അതേസമയം ജയം ഉറപ്പിച്ചാണ് പെറു കളത്തിലിറങ്ങുന്നത്. ഇത്തവണ എന്തു വില കൊടുത്തും കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥിരം താരങ്ങളെ ഒഴിവാക്കി പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയാണ് പെറു കോച്ച് റിക്കാര്‍ഡോ ഗരാസേ ടീമിനെ ഒരുക്കിയിരിക്കുന്നത്. എഡിസണ്‍ ഫ്‌ളോറസ്, പൗലോ ഗൊറേറോ, ആന്‍ഡി പോളോ, റൗള്‍ റൂഡിയാസ് എന്നിവരടങ്ങുന്ന മുന്നേറ്റ നിരയുടെ ആക്രമണം ടൂര്‍ണമെന്റിലെ തന്നെ മികച്ചവയില്‍ ഒന്നാണ്. വേഗമേറിയ ഫുട്‌ബോളിന്റെ പര്യായമായ പെറുവിന് ഏത് നിമിഷത്തിലും ഗോള്‍ നേടാന്‍ കരുത്തുള്ള താരങ്ങളുണ്ട്. കോപ്പയില്‍ രണ്ടാം തവണ മുത്തമിടാനാകുമെന്ന പ്രതീക്ഷയിലാണ് പെറു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."