അനര്‍ഥങ്ങളുണ്ടാക്കുന്ന അര്‍ഥങ്ങള്‍ വേണ്ട
നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരനെ ദേഷ്യത്തോടെ ചെറിയൊരു അടി അടിച്ചുനോക്കൂ, പലിശ സഹിതം അവനതു തിരിച്ചുതരുന്നതു കാണാം. അതേസമയം, സ്‌നേഹത്തോടെ വലിയൊരു അടി അടിച്ചുനോക്കൂ. ഒരുപക്ഷെ, സന്തോഷത്തോടെ അവന്‍ നിങ്ങളെ കെട്ടിപ്പിടിച്ചെന്നിരിക്കും.. പലിശ സഹിതമുള്ള തിരിച്ചടി കിട്ടുന്നതു ചെറിയ അടിക്കാണ്. സ്‌നേഹത്തോടെയുള്ള കെട്ടിപ്പിടിത്തം ലഭിക്കുന്നതു വലിയ അടിക്കുമാണ്.
എന്താണ് ഇങ്ങനെ തല തിരിഞ്ഞൊരു പ്രതികരണം?
സുഹൃത്തിന്റെ ദേഷ്യത്തോടെയുള്ള 'എടാ പോടാ' വിളി നിങ്ങള്‍ക്കൊരിക്കലും സഹിക്കില്ല. അവനുമായുള്ള ബന്ധം നിങ്ങള്‍ അതോടെ അറുത്തുമാറ്റും. നിങ്ങളവന്റെ ബദ്ധവൈരിയാകുക വരെ ചെയ്‌തേക്കാം. എന്നാല്‍ അതേ വിളി സ്‌നേഹത്തോടെയാണെങ്കില്‍ നിങ്ങള്‍ക്കിടയിലെ ബന്ധം പൂര്‍വാധികം ശക്തിപ്പെടും..! നിങ്ങളവന്റെ ഉറ്റ ചങ്ങാതിയായി മാറും..
എന്തുകൊണ്ടാണ് ഒരേ വിളിക്ക് ഒരാളില്‍നിന്നുതന്നെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങള്‍ വരുന്നത്?
നിങ്ങളുടെ കുഞ്ഞിന്റെ കൈയില്‍നിന്ന് ചില്ലുഗ്ലാസ് വീണുടഞ്ഞാല്‍ തീര്‍ത്താല്‍ തീരാത്ത ദേഷ്യമായിരിക്കും നിങ്ങള്‍ക്ക്. അമര്‍ഷത്തോടെ അവനെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്‌തെന്നിരിക്കും. എന്നാല്‍ അതേ ഗ്ലാസ് വീട്ടില്‍ വന്ന അതിഥിയുടെ കൈയില്‍നിന്നാണു വീഴുന്നതെങ്കില്‍ നിങ്ങള്‍ പുഞ്ചിരിയോടെ അവനോടു പറയും 'സാരമില്ല..!!'
ഒരേ പ്രവൃത്തിയോട് എന്തിനു രണ്ടു സമീപനങ്ങള്‍?
നിങ്ങളുടെ സുഹൃത്ത് ഇതുവരെ ഒരു മിഠായി പോലും നിങ്ങള്‍ക്കു വാങ്ങിത്തന്നിട്ടില്ലെന്നു കരുതുക. അതില്‍ നിങ്ങള്‍ക്കു പരാതിയുമില്ല. കാരണം, മിഠായി വാങ്ങിത്തരാന്‍ കരാറെഴുതി ഒപ്പിട്ടിട്ടൊന്നുമില്ലല്ലോ. പക്ഷെ, ഇന്ന് അവന്‍ തന്റെ ജന്മദിനമായതുകൊണ്ട് എല്ലാവര്‍ക്കും മിഠായി വാങ്ങിക്കൊടുത്തു. നിങ്ങള്‍ക്കു മാത്രം തന്നില്ല. എന്തു തോന്നും നിങ്ങള്‍ക്ക്? സഹിക്കാനാകുമോ ആ സങ്കടം.. പക്ഷേ, എന്തിന്? ഇതുവരെ നിങ്ങള്‍ക്ക് അവന്‍ മിഠായി തന്നിട്ടില്ല. അതില്‍ പരാതിയുമില്ല. ആ പതിവ് ഇന്നും തുടര്‍ന്നുവെന്നല്ലേയുള്ളൂ.. പിന്നെ എന്തിനു സങ്കടം?
സങ്കടമുണ്ടാകും. വിരുദ്ധമായ പ്രതികരണങ്ങളും സമീപനങ്ങളുമെല്ലാം സംഭവിക്കും. കാരണം, വാക്കുകള്‍ക്കു മാത്രമല്ല, പ്രവൃത്തികള്‍ക്കും അര്‍ഥങ്ങളുണ്ട്. വാക്കുകളുടെ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ പരതി കണ്ടെത്താം. പക്ഷേ, പ്രവൃത്തികളുടെ അര്‍ഥം നിഘണ്ടുവില്‍ തിരഞ്ഞാല്‍ ലഭിക്കില്ല. അതിന് ഓരോരുത്തരും നല്‍കുന്ന അര്‍ഥമെന്താണോ അതാണ് അതിന്റെ അര്‍ഥം. ആ അര്‍ഥകല്‍പനയാണു സത്യത്തില്‍ സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിദാനവും.
ശത്രു നമ്മെ തൊട്ടാല്‍തന്നെ നമുക്കു കലിയിളകും. സുഹൃത്ത് നമ്മെ ഇടിച്ചാല്‍ പോലും നമുക്കൊരു കുഴപ്പവുമില്ല. അപ്പോള്‍ അടിയോ ഇടിയോ അല്ല നമ്മെ വേദനിപ്പിക്കുന്നത്. അടിക്കും ഇടിക്കും നാം നല്‍കുന്ന അര്‍ഥമാണ്. 'എടാ പോടാ' എന്ന വിളിയല്ല നിങ്ങളെ ചൊടിപ്പിക്കുന്നത്. അതായിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അതു വിളിക്കുമ്പോഴും നിങ്ങള്‍ക്കു ചൊടിച്ചിലുണ്ടാവണം. അതുണ്ടാകുന്നില്ലല്ലോ. അപ്പോള്‍ നിങ്ങളെ ചൊടിപ്പിച്ചത് ആ വിളിക്ക് നിങ്ങള്‍ നല്‍കിയ അര്‍ഥമാണെന്നു വരുന്നു.. ഗ്ലാസ് വീണതല്ല നിങ്ങളെ ദേഷ്യപ്പെടുത്തിയത്. അതാണെങ്കില്‍ അതിഥിയുടെ കൈയില്‍നിന്നു വീണാലും നിങ്ങള്‍ കുപിതനാകണം. കുപിതനാകേണ്ടതിനു പകരം നിങ്ങള്‍ കൃപാലുവാവുകയാണു ചെയ്യുന്നത്. അപ്പോള്‍ ഗ്ലാസ് വീണതല്ല, ഗ്ലാസ് വീണതിനു നല്‍കിയ അര്‍ഥമാണ് നിങ്ങളെ കുപിതനാക്കുന്നതും കൃപാലുവാക്കുന്നതും. സുഹൃത്ത് നിങ്ങള്‍ക്കു മിഠായി തരാത്തതല്ല നിങ്ങളെ സങ്കടപ്പെടുത്തുന്നത്. അതായിരുന്നു സങ്കടകാരണമെങ്കില്‍ മിഠായി തരാത്ത എല്ലാ ദിവസവും നിങ്ങള്‍ക്കു സങ്കടമുണ്ടാകണം. പക്ഷെ, അതുണ്ടാകുന്നില്ല. അപ്പോള്‍ നിങ്ങളെ സങ്കടപ്പെടുത്തിയത് നിങ്ങള്‍ക്കു മാത്രം തരാതെ മറ്റുള്ളവര്‍ക്കെല്ലാം മിഠായി നല്‍കിയ ആ പ്രവൃത്തിക്കു നിങ്ങള്‍ നല്‍കിയ അര്‍ഥമാണ്.
ഓരോ വാക്കിനും കൃത്യമായ അര്‍ഥമുണ്ടാകും. ആ അര്‍ഥം മാത്രമേ അതിനു കല്‍പിക്കാന്‍ പാടുള്ളൂ. എന്നാല്‍ പ്രവൃത്തിയുടെ വിഷയത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. അതിനു കൃത്യമായ അര്‍ഥമില്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യമുള്ള അര്‍ഥം നല്‍കാം. അവനവന്‍ ഏതര്‍ഥമാണോ അതിനു നല്‍കുന്നത് ആ അര്‍ഥമാണ് അയാള്‍ക്കു ലഭിക്കുക. നിങ്ങള്‍ക്കു മാത്രം മിഠായി തരാത്തതിനു നിങ്ങള്‍ നല്‍കുന്ന അര്‍ഥം സുഹൃത്തിന് എന്നോട് ഇഷ്ടമില്ല എന്നാണെങ്കില്‍ ഇഷ്ടമില്ലാത്ത സുഹൃത്തിനെയാണു നിങ്ങള്‍ക്കു ലഭിക്കുക. ഇഷ്ടമില്ലാത്ത സുഹൃത്തിനെ ലഭിക്കുക വഴി നിങ്ങള്‍ക്കു സങ്കടം വരികയും ചെയ്യും. എന്നാല്‍ ആ പ്രവൃത്തിക്ക് 'സാരമില്ല, വിട്ടുപോയതായിരിക്കും..' എന്നാണെങ്കില്‍ ഇഷ്ടമുള്ള സുഹൃത്തിനെ കിട്ടും. നിങ്ങളുടെ മനോനിലയ്ക്ക് അസന്തുലിതാവസ്ഥകളൊന്നും സംഭവിക്കുകയുമില്ല. കുഞ്ഞിന്റെ കൈയില്‍നിന്ന് ഗ്ലാസ് വീഴുമ്പോള്‍ അതിനു നിങ്ങള്‍ നല്‍കുന്ന അര്‍ഥം 'തീരെ ശ്രദ്ധയില്ലാത്തവന്‍', 'മനഃപൂര്‍വം ഗ്ലാസുടച്ചവന്‍' എന്നൊക്കെയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രഷര്‍ കൂടും. പത്തുരൂപയുടെ ഗ്ലാസുടച്ചതിനു പതിനായിരം കോടി കൊടുത്താല്‍ പോലും കിട്ടാത്ത കുഞ്ഞിന്റെ ലോലമനസ് നിങ്ങള്‍ തച്ചുടക്കുകയും ചെയ്യും. അതേസമയം, 'കുഞ്ഞുങ്ങളല്ലേ, അവര്‍ക്ക് അബദ്ധങ്ങള്‍ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ' എന്നാണു നിങ്ങള്‍ നല്‍കുന്ന അര്‍ഥമെങ്കില്‍ ആ കുഞ്ഞിനോട് കയര്‍ക്കുന്നതിനു പകരം അവനോടു ദയ കാണിക്കും. സാരമില്ലെന്നു പറഞ്ഞ് അവനെ ആശ്വസിപ്പിക്കും. നിങ്ങളുടെ മനോനിലയ്‌ക്കൊരു പോറലും ഏല്‍ക്കില്ലെന്നു മാത്രമല്ല, എന്തെന്നില്ലാത്ത സന്തോഷവും തോന്നും.
മറ്റുള്ളവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കും വന്നുചേരുന്ന പരീക്ഷണങ്ങള്‍ക്കും ഉണ്ടായിത്തീരുന്ന സാഹചര്യങ്ങള്‍ക്കും നമുക്ക് ഏതര്‍ഥവും നല്‍കാം. നല്‍കുന്നതു നല്ല അര്‍ഥമാണെങ്കില്‍ നമുക്കു നന്മ ലഭിക്കും. അപ്പോള്‍ നമ്മുടെ ജീവിതം സാര്‍ഥകമാകും. ചീത്ത അര്‍ഥമാണെങ്കില്‍ തിന്മ ലഭിക്കും. അപ്പോള്‍ ജീവിതത്തിലുടനീളം അനര്‍ഥങ്ങള്‍ സംഭവിക്കും. ഏതു തിരഞ്ഞെടുക്കണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."