അസന്‍സോളിന്റെ ഇമാം ഇന്ത്യയുടെയും
കുറച്ചധികം ഭയം ഉള്ളിലൊതുക്കിയും കലാപബാധിത പ്രദേശത്തെക്കുറിച്ച സങ്കല്‍പചിത്രങ്ങള്‍ മനസില്‍ വരച്ചുമാണു സുഹൃത്തുക്കള്‍ക്കൊപ്പം അസന്‍സോളിലേക്കു വണ്ടികയറിയത്. പല ഘട്ടങ്ങളിലായി അസന്‍സോളില്‍നിന്ന് എത്തുന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖകളും ദൃശ്യങ്ങളും ഉള്ളുകലക്കാന്‍ തക്ക പ്രഹരശേഷിയുള്ളവയായിരുന്നു. ചോര തെറിച്ചും ഭയം പടര്‍ത്തിയും കേള്‍ക്കാനാരുമില്ലാതെ വിലാപങ്ങള്‍ പെയ്തമരുന്ന, നിരന്തരമുള്ള കരള്‍പിളര്‍ക്കുന്ന വാര്‍ത്തകള്‍ കേട്ടു നേരത്തെ തന്നെ ഭയാനകത മുറ്റിക്കിടക്കുകയാണ് ഉള്ളില്‍.
അസന്‍സോള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നടന്നെത്താവുന്ന ദൂരത്താണ് ഒരാഴ്ച മുന്‍പ് സാമുദായിക സംഘര്‍ഷം ഉടലെടുത്ത ഒ.കെ റോഡ്. സംഘര്‍ഷത്തിന്റെ അസ്വസ്ഥതകളില്‍നിന്ന് ആ നാട് മുക്തമായിത്തുടങ്ങിയിട്ടുണ്ട്. തെരുവുകളില്‍ കടകള്‍ തുറക്കുകയും അവധി പ്രഖ്യാപിച്ച വിദ്യാലയങ്ങളില്‍ പഠനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കില്‍ പോലും നടക്കാന്‍ പാടില്ലാത്തതെന്തോ നടന്നിരിക്കുന്നുവെന്ന തോന്നല്‍ എല്ലാവരുടെയും കണ്ണുകളില്‍ മായാതെ കിടപ്പുണ്ട്. എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിച്ചുവെന്ന വലിയ ചോദ്യം അവരുടെ ഓരോ സംസാരങ്ങള്‍ക്കിടയിലും കടന്നുവരുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനകളിലാണ് അവര്‍ സംസാരങ്ങള്‍ അവസാനിപ്പിക്കുന്നത്.
ഒ.കെ റോഡ് നിവാസികളും ഹാജിനഗറിലെ ആളുകളും സംസാരിച്ചുതുടങ്ങിയത് ഇമാം ഇംദാദുല്ല റാഷിദിയെ കുറിച്ചാണ്. മുപ്പതു വര്‍ഷമായി ഒ.കെ റോഡിലെ നൂറാനി മസ്ജിദിലെ ഇമാമും ഹാജി നഗറിലെ ഹുസൈനിയ്യ മദ്‌റസയില്‍ അധ്യാപകനുമാണ് ഇംദാദുല്ല. അത്രയും കാലം കൊണ്ട് ആ നാടിന്റെ ചലനങ്ങളിലും അടക്കങ്ങളിലുമെല്ലാം അദ്ദേഹമൊരു അവിഭാജ്യ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. നാട്ടുകാരുടെ ദൈനംദിന ജീവിതവൃത്തികളില്‍ വരെ ഇടപെടാം അദ്ദേഹത്തിന്. അസന്‍സോളുകാരന്‍ തന്നെയാണ് ഇംദാദുല്ല. സഹാറന്‍പൂരിലെ മദ്‌റസ അഷ്‌റഫുല്‍ ഉലൂമില്‍നിന്ന് ഉന്നത മതപഠനം നേടി നാട്ടില്‍ തിരിച്ചെത്തി അവിടെത്തന്നെ ജോലിയില്‍ പ്രവേശിച്ചു. കലാപത്തീയില്‍നിന്നു നാടിനെ രക്ഷിച്ച് രാജ്യത്തിന്റെ ആദരം പിടിച്ചുപറ്റിയ ആ ഇമാമിനെ കാണാന്‍ തന്നെയായിരുന്നു ഞങ്ങള്‍ അസന്‍സോളിലേക്കു തിരിച്ചത്.
കലാപത്തീയിലാണ്ട സൗഹാര്‍ദനഗരി
കൊല്‍ക്കത്ത കഴിഞ്ഞാല്‍ ബംഗാളിലെ ഏറ്റവും വലിയ നഗരമാണു പശ്ചിമ ബര്‍ദമാന്‍ ജില്ലയിലെ അസന്‍സോള്‍. നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ നമ്മെ വരവേല്‍ക്കുന്ന ഭീമന്‍കമാനത്തില്‍ വലിയ അക്ഷരങ്ങളിലായി ഇങ്ങനെ എഴുതിവച്ചിരിക്കുന്നുണ്ട്; ണലഹരീാല ീേ അമെിീെഹ, വേല രശ്യേ ീള യൃീവേലൃവീീറ. മത-വര്‍ഗഭേദമില്ലാത്ത സൗഹൃദങ്ങള്‍ക്കും സഹവാസത്തിനും പേരുകേട്ട നാടാണത്. ദാമോദര്‍ നദിക്കരയില്‍ വിസ്തൃതമായി പടര്‍ന്നുകിടക്കുന്ന അസന്‍സോള്‍ മതപരവും പ്രാദേശികവുമായ വൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമാണ്. ബിഹാരികളും ഉത്തര്‍പ്രദേശുകാരും ജാര്‍ഖണ്ഡുകാരും അവിടെ അനേകമുണ്ട്. സിഖുകാരെയും മുസ്്‌ലിംകളെയും ഹിന്ദുക്കളെയും ഒറ്റനോട്ടത്തില്‍ നിങ്ങളുടെ കണ്ണില്‍പ്പെടും.
ഒരു സ്വപ്നത്തിന്റെ വേഗതയിലാണ് അസന്‍സോള്‍ കലാപത്തിന്റെ നഗരിയാവുന്നത്. സൗഹൃദത്തിന്റെ മോഹനവലയമാണ് ഒരു ദിവസം കൊണ്ടു നിലംപൊത്തി വീണത്. രാമനവമി ആഘോഷത്തിനോടനുബന്ധിച്ച ഘോഷയാത്രയില്‍, ചിലര്‍ കയറി മുസ്്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. മുസ്്‌ലിംകള്‍ക്കുനേരെ മുര്‍ദാബാദ് വിളികള്‍ ഉയരുന്നു. ടോപീ വാലേ ബീസര്‍ ജുഗാകെ ജയ് ശ്രീരാം ബോലേഗാ (തൊപ്പി ധരിക്കുന്നവരും തല കുനിച്ച് ജയ്ശ്രീരാം എന്ന് ഏറ്റുവിളിക്കും) എന്നു തുടങ്ങുന്ന പ്രകോപനങ്ങള്‍ നിറഞ്ഞ മുദ്രാവാക്യങ്ങള്‍ നഗരനിരത്തിലൂടെയും ഗല്ലികളിലൂടെയും കടന്നുപോയ ഘോഷയാത്രയില്‍ മുഴങ്ങി. പരസ്യ അവഹേളനത്തില്‍ ക്ഷുഭിതരായ മുസ്്‌ലിംകള്‍ ഘോഷയാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതു പ്രദേശത്തു വലിയതോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അതിനിടെയാണ് ജ്യേഷ്ഠനൊപ്പം അതുവഴിവന്ന പതിനാറുകാരന്‍ സിബ്ഗത്തുല്ല റാഷിദിയെ കാണാതാവുന്നത്. ഇമാം ഇംദാദുല്ലയുടെ മകനാണ് സിബ്ഗത്തുല്ല. അന്നുമുഴുവനും പിറ്റേന്നു പകലും പരിസരങ്ങളിലെല്ലാം ആളുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് രണ്ടാം ദിവസം രാത്രി സിബ്ഗത്തുല്ലയുടെ മൃതദേഹം സമീപപ്രദേശത്തു കണ്ടെത്തി. നാടിന്റെ പ്രിയപ്പെട്ട ഇമാമിന്റെ മകനോട് ഭീകരര്‍ ചെയ്ത ക്രൂരത കണ്ടതോടെ ജനം ക്ഷുഭിതരായി. അവര്‍ക്കുള്ളില്‍ രോഷം പതഞ്ഞൊഴുകി. കഠിനമായ വേദനയോടെയാണ് ആ കൗമാരക്കാരനോടു ചെയ്ത ക്രൂരത ഒ.കെ റോഡില്‍ കണ്ട സാധാരണക്കാര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നത്. പലരുടെയും ശബ്ദമിടറുന്നതു കണ്ടു. വാക്യങ്ങള്‍ക്കും മുകളില്‍ ഉയരുന്ന ക്ഷോഭത്തിന്റെ മുഴക്കങ്ങളും ഞങ്ങള്‍ കേട്ടു. പക്ഷെ, അതിനും മീതെ ഇമാമിന്റെ വാക്കുകള്‍ അവരുടെ വികാരതീക്ഷണതയെ തണുപ്പിച്ചുകളയുന്നു.
തന്റെ മകനോട് ഹിന്ദുത്വ ഭീകരര്‍ ചെയ്ത ക്രൂരത ശബ്ദമിടറിയാണെങ്കിലും തളരാത്ത വാക്കുകളില്‍ ഇമാം വിശദീകരിച്ചു തന്നു. നഖങ്ങളൊക്കെയും പിഴുതെടുത്തു കളഞ്ഞിരുന്നു. അതിശക്തമായ മര്‍ദനമേറ്റു ശരീരമൊന്നടങ്കം വിവര്‍ണവും വികൃതവുമായ അവസ്ഥയിലായിരുന്നു. മരണസമയത്ത് അവന്‍ അനുഭവിച്ച വേദന അസഹനീയമായിരിക്കുമെന്ന് ആ പിതാവ് ഗദ്ഗദകണ്ഠനായി പറഞ്ഞു. ഇത്തവണ പത്താംതരം പൊതുപരീക്ഷ എഴുതി ഫലം വരുന്നതു കാത്തിരിക്കുകയായിരുന്നു അവന്‍. ഒപ്പം ഹുസൈനിയ്യ മദ്‌റസയില്‍ പിതാവിന്റെ ശിഷ്യത്വത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിമൂന്ന് അധ്യായങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു.
അസന്‍സോള്‍ കലാപത്തീയില്‍ വെന്തുരുകാന്‍ ഇമാം സാഹിബിന്റെ മകന്‍ കൊല്ലപ്പെട്ടു എന്ന ഒറ്റ വാര്‍ത്ത മതിയായിരുന്നു. ജനം ഒരു തിരിച്ചടിക്കുള്ള ഒരുക്കത്തിലുമായിരുന്നു. അന്നേരത്താണു സ്വന്തം മകന്റെ അതിദാരുണാന്ത്യത്തിന്റെ വേദന ഉള്ളിലമര്‍ത്തി ഇമാം ഇംദാദുല്ല മഹല്ലുകാരെ മുഴുവന്‍ ഈദ് ഗാഹില്‍ വിളിച്ചുവരുത്തിയത്. സംയമനം പാലിക്കാന്‍ അദ്ദേഹം അവരോട് ശക്തമായ സ്വരത്തില്‍ ആഹ്വാനം ചെയ്തു. നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും പ്രശ്‌നത്തിനു മുതിര്‍ന്നാല്‍ താന്‍ അസന്‍സോള്‍ വിട്ട് എവിടേക്കെങ്കിലും പോയ്ക്കളയുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. കോപാഗ്നിയില്‍ തിളച്ച് അവിടെക്കൂടിനിന്ന വിശ്വാസിജനം ഇമാമിന്റെ ശക്തമായ ആജ്ഞ കേട്ടതോടെ സ്തബ്ധരായി. പ്രതിഷേധത്തില്‍ പുകഞ്ഞ ജനക്കൂട്ടം പതുക്കെ തണുത്തു. അസന്‍സോളിനെ വിഴുങ്ങാനിരുന്ന വര്‍ഗീയ ലഹളയുടെ ഭീകരത ഉരുകിയൊലിച്ച് ഇല്ലാതാകുകയായിരുന്നു അവിടെ.
പതിനായിരക്കണക്കിനു ജനങ്ങളാണ് സിബ്ഗത്തുല്ലയുടെ ജനാസയ്ക്കു പിന്നില്‍ അണിനിരന്നത്. ചുവന്ന മേലാപ്പിട്ട ജനാസയ്ക്കു പിന്നില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി, നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞാണ് ആളുകള്‍ നടന്നത്. മകന്റെ ദാരുണമായ വിയോഗത്തില്‍ മാനസികനില തെറ്റി തളര്‍ന്നിരിപ്പാണ് ഇപ്പോഴും അവന്റെ പ്രിയപ്പെട്ട ഉമ്മ. സ്വന്തം മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ഒന്നു ചെയ്യാനാകാത്ത നിസഹായാവസ്ഥയിലല്ല ഇമാം ഇംദാദുല്ല സമാധാനം പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. സിബ്ഗത്തുല്ലയുടെ ജീവനു പകരം ചോദിക്കാന്‍ പ്രതികാരത്തിനു സര്‍വസന്നദ്ധരായവരുടെ മുന്നില്‍വച്ചാണ് അദ്ദേഹത്തിന്റെ സമാധാനാഹ്വാനം മുഴങ്ങിയത്. വിദ്വേഷത്തെ ഉരുക്കിക്കളയുന്ന സ്‌നേഹത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഇമാമിനു പറയാനുള്ളത്
ആഴത്തിലുള്ള മതജ്ഞാനത്തില്‍നിന്നും രൂഢമൂലമായ വിശ്വാസത്തില്‍നിന്നും ഉടലെടുത്ത ശക്തമായ ബോധ്യത്തില്‍നിന്നായിരുന്നു ഇമാമിന്റെ ആഹ്വാനം പുറപ്പെട്ടത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് എനിക്കു ക്ഷമ കൈക്കൊള്ളാനായത്. ജനങ്ങളെ സമാധാനത്തിന്റെ വഴിയിലേക്കു നയിക്കാനായത്. പിതൃവ്യന്‍ ഹംസയുടെ വിയോഗസമയത്തെ അപാരമായ ക്ഷമയോടെയാണു പ്രവാചകന്‍ നേരിട്ടത്. ആ വഴി പിന്തുടരുക മാത്രമാണു നാം ചെയ്യേണ്ടതെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അതുതന്നെയായിരുന്നു അദ്ദേഹം ജനങ്ങളോടും പറഞ്ഞത്.
സന്താനങ്ങളിലും സമ്പാദ്യങ്ങളിലുമായി ദൈവത്തിന്റെ പരീക്ഷണങ്ങള്‍ വന്നേക്കാം. വിദ്വേഷങ്ങള്‍ കൊണ്ടോ പ്രതികാരചിന്തകള്‍ കൊണ്ടോ അല്ല നാം പ്രവര്‍ത്തിക്കേണ്ടത്. നമുക്കു ക്ഷമിക്കാന്‍ കഴിയണം, പരസ്പരം സ്‌നേഹിക്കാനും. ഇന്ത്യ സ്‌നേഹത്തിനായി ദാഹാര്‍ത്തയാണ്. വിദ്വേഷത്തിന്റെ കനലുകള്‍ക്കു നടുവില്‍ നീറിപ്പുകയുന്ന ഒരു ജനതയ്ക്കു മുന്‍പില്‍ സമാധാനത്തെ കുറിച്ചല്ലാതെ നമുക്കെന്തു പറയാന്‍ കഴിയും. ചില സമയങ്ങളില്‍ കളവ് സത്യത്തെക്കാള്‍ ഉചിതമായിരിക്കും. ഒരു കളവ് പറഞ്ഞു സാമൂഹികാന്തരീക്ഷത്തെ സമാധാനത്തോടെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ കളവു പറയേണ്ടി വരും. അവിടെ സത്യത്തെക്കാള്‍ മഹത്തരം മനഃപ്പൂര്‍വമുള്ള കളവായിരിക്കും. പൊലിസ് പല തവണ തന്നോട് പ്രതികളെപ്പറ്റി ചോദിക്കുന്നുണ്ട്. തനിക്കാരെയും കൃത്യമായി അറിയില്ല. അതുകൊണ്ട് ഒരാളുടെമേലും കുറ്റാരോപണം നടത്താനും ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു.
നിലവിലെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയാണ് ഇംദാദുല്ല സംസാരിക്കുന്നത്. സംഘ്പരിവാറിന്റെ വോട്ടുതന്ത്രങ്ങളെയും രാഷ്ട്രീയ മുതലെടുപ്പു ശ്രമങ്ങളെയും കുറിച്ചു നാട്ടുകാര്‍ക്കും ഇമാമിനും കൃത്യമായ ധാരണയുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ധ്രുവീകരണശ്രമങ്ങള്‍ക്ക് അവര്‍ ഏതു വഴിയും സ്വീകരിക്കുമെന്നും അവര്‍ക്കറിയാം. അല്ലെങ്കില്‍ വര്‍ഷങ്ങളായി ശാന്തമായിക്കിടക്കുന്ന അസന്‍സോളില്‍ പെട്ടെന്നൊരുനാളെങ്ങനെ വര്‍ഗീയവൈരം മുളപൊട്ടും? മതപരമായും സാമൂഹികമായും വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇവിടെ ഇത്തരം കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൃത്യമായ രാഷ്ട്രീയതന്ത്രങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം അധികാരസ്വപ്നം വളരെ വിദൂരമായ ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാണ് ബംഗാള്‍.
കലാപാന്തരീക്ഷങ്ങള്‍ ഒഴിഞ്ഞു പ്രശ്‌നങ്ങള്‍ നേര്‍ത്തു നേര്‍ത്തില്ലാതാവുന്നുണ്ടെങ്കിലും അകലുന്ന മനസുകളെ, മനസിനുള്ളില്‍ പണിതുയര്‍ത്തപ്പെടുന്ന മതിലുകളെ എങ്ങനെ ഭേദിക്കാനാവും എന്നതു വലിയൊരു ചോദ്യമാണ്. കലാപശ്രമങ്ങള്‍ പോലും അതീവസങ്കീര്‍ണമായ സാമൂഹികഘടനാവല്‍ക്കരണത്തിലാണു കലാശിക്കുക. ഇത്തരമൊരവസ്ഥയെ ചെറിയ നിലക്കെങ്കിലും തന്റെ വാക്കുകള്‍ കൊണ്ടു മറികടക്കാനായി എന്നു തന്നെയാണ് ഇമാം വിശ്വസിക്കുന്നത്. മുസ്്‌ലിംകളെക്കാള്‍ കൂടുതല്‍ ഇതരമതസ്ഥരാണു തന്നെ വിളിക്കുന്നതും സാന്ത്വനിപ്പിക്കുന്നതും വേദനയില്‍ പങ്കുചേരുന്നതുമെന്നും ഇമാം പറയുന്നു. മകന്‍ നഷ്ടപ്പെടുമ്പോഴുള്ള പിതാവിന്റെ വേദന അസഹനീയമാണ്. എങ്കില്‍ പോലും തനിക്കു സഹിക്കാന്‍ പറ്റിയില്ലെങ്കില്‍, പ്രതികാരാവേശത്തില്‍ താനും പങ്കാളിയായാല്‍ അതുണ്ടാക്കുന്ന ഫലമെന്തായിരിക്കും? കലാപമുണ്ടാക്കണമെന്നും അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്നും ആഗ്രഹിക്കുന്നവര്‍ക്കു കീഴൊതുങ്ങലുമാകുമത്-ദൂരക്കാഴ്ചയോടെ അദ്ദേഹം തന്റെ ബോധ്യങ്ങള്‍ പങ്കുവച്ചു.
നിലവില്‍ സംസ്ഥാനം ഏറെക്കുറെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭദ്രമാണ്. അസന്‍സോള്‍ ലോക്‌സഭാ മണ്ഡലം പക്ഷെ ബി.ജെ.പിയുടെ കൈകളിലാണുള്ളത്. പ്രശസ്ത ഗായകന്‍ ബാവുല്‍ സുപ്രിയോ ആണ് അസന്‍സോള്‍ എം.പി. സുപ്രിയോയില്‍നിന്നും ഗവര്‍ണര്‍ കേശരിനാഥ് ത്രിപാഠിയില്‍നിന്നും മറ്റ് ബി.ജെ.പി നേതാക്കളില്‍നിന്നും തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനകളും ഇടപെടലുകളുമാണു സംഘര്‍ഷവേളയിലുണ്ടായത്. ഒരുപക്ഷത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സന്ദര്‍ശനങ്ങളും ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളും സംഭവത്തിനു പിന്നിലെ അപകടസൂചനകളെ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നുണ്ട്.
മകന്റെ മരണവേദനയില്‍ ഉലഞ്ഞിരിക്കുമ്പോഴും മാധ്യമങ്ങളോട് ഒരു വിമുഖതയുമില്ലാതെ സംസാരിക്കുന്നുണ്ട് ഇമാം ഇംദാദുല്ല. സമാധാനപാലനത്തിനായുള്ള തുറന്നുപറച്ചില്‍ തന്റെ ഉത്തരവാദിത്തമായി മനസിലാക്കിയിരിക്കുകയാണ് അദ്ദേഹം. ഒ.കെ റോഡിനു സമീപത്തെ നൂറാനി മസ്ജിദിലെ രണ്ടാം നിലയിലെ റൂമില്‍ വരുന്നവരോടു സംസാരിക്കാനും കൂടെയിരിക്കാനും അദ്ദേഹം തയാറാണ്. അതോടൊപ്പം, തനിക്കു പറയാനുള്ളതു സമാധാനത്തെ കുറിച്ചു മാത്രമാണ്, ആ സന്ദേശം പ്രചരിപ്പിക്കണമെന്ന സത്യസന്ധമായ ആഗ്രഹവും തനിക്കുണ്ട്, എന്നാല്‍ മറ്റുതരത്തിലുള്ള താല്‍പര്യങ്ങള്‍ വച്ചും സ്വകാര്യതകള്‍ ചികഞ്ഞും ആരും ഇങ്ങോട്ടു വരണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഇമാമിന്റെ ആഹ്വാനത്തെ കുറിച്ച് അത്ഭുതത്തോടെയും ആദരവോടെയുമാണു നാട്ടുകാര്‍ സംസാരിക്കുന്നത്. ട്രെയിനിലെ യാത്രക്കാരുടെ സംഭാഷണങ്ങളില്‍ വരെ ഇമാം ഇംദാദുല്ല കടന്നുവന്നു. പള്ളിയിലെ റൂമില്‍ തന്നെയാണ് ഇപ്പോള്‍ മിക്ക സമയവും അദ്ദേഹം കഴിച്ചുകൂട്ടുന്നത്. വീട്ടില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് സിബ്ഗത്തുല്ലയുടെ ഉമ്മ. പരസ്പരം കാണുമ്പോള്‍ ഇരുവരും നിയന്ത്രണം വിട്ടു കരഞ്ഞുപോകും.
ഖാസി നസ്‌റുല്‍ ഇസ്്‌ലാമിന്റെ വരികളിലൂടെയാണ് അസന്‍സോള്‍ ചിരപരിചിതമായ ഇടമായിത്തീരുന്നത്. ഇനിമുതല്‍ അസന്‍സോള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസുകളില്‍ സിബ്ഗത്തുല്ലയെന്ന പതിനാറുകാരന്റെ ഓര്‍മകള്‍ നിറയും. ആ ഓര്‍മകള്‍ക്കുമേല്‍ ഇമാം ഇംദാദുല്ലയുടെ അമരമായ സംയമനാഹ്വാനവും മുഴങ്ങും. അതുമാത്രമല്ല, കലാപങ്ങള്‍ക്കു കോപ്പുകൂട്ടുന്ന ഓരോ നാട്ടുകാര്‍ക്കുമുള്ള ആഹ്വാനമായി അതു ദീര്‍ഘകാലം പ്രതിധ്വനിച്ചുകൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."