പ്രാദേശിക വികസനത്തില്‍ ബാങ്കുകളുടെ പ്രസക്തി വര്‍ധിച്ചു: മന്ത്രി
തിരുവനന്തപുരം: പ്രാദേശിക വികസനത്തില്‍ സക്രിയ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന ബാങ്കുകള്‍ക്കുള്ള പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ ) ആഭിമുഖ്യത്തില്‍ 'കേരള വികസനവും ബാങ്കുകളും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വായ്പാ നിക്ഷേപ അനുപാതം താരതമ്യേന കുറവാണ്. അതുയരണമെങ്കില്‍ ബാങ്കുകള്‍ക്ക് വായ്പാ ഉപദേശകരാകാന്‍ കഴിയണം. വായ്പ നല്‍കുവാന്‍ കഴിയുന്ന വേണ്ടത്ര പദ്ധതികളില്ല എന്ന പല്ലവിക്ക് പ്രസക്തിയില്ല. ചെറുകിട ഇടത്തരം വ്യവസായം, സ്റ്റാര്‍ട്ട് അപ് മേഖലകളില്‍ ബാങ്ക് വായ്പ വിന്യസിക്കാന്‍ ഇനിയും സാധ്യമാണ്. വികസന പ്രക്രിയയില്‍ കൂടുതല്‍ രചനാത്മക പങ്ക് ബാങ്കുകള്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍ മുഖ്യ ഭാഷണം നടത്തി. എസ്.ബി.ടി മുന്‍ മാനേജിങ് ഡയരക്ടര്‍ ഇ.കെ ഹരികുമാര്‍, എ.ഐ.ബി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി ജോസണ്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.എസ്.ബി.ഇ.എ പ്രസിഡന്റ് അനിയന്‍ മാത്യു മോഡറേറ്ററായി. കെ.എസ് കൃഷ്ണ സ്വാഗതവും എം. ഷാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."