12 രൂപയുടെ കുപ്പിവെള്ളം എവിടെ ?
കോഴിക്കോട്: ഏപ്രില്‍ രണ്ടുമുതല്‍ കുപ്പിവെള്ളത്തിനു 20 രൂപയില്‍ നിന്നു 12 രൂപയാക്കി കുറക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. കമ്പനികള്‍ വില കുറച്ചിട്ടും കച്ചവടക്കാര്‍ കുറയ്ക്കുന്നില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. അതേസമയം വേനല്‍ കടുത്തതോടെ കുപ്പിവെള്ളക്കച്ചവടം തകൃതിയായി നടക്കുമ്പോഴും കച്ചവടക്കാരും ഉപഭോക്താക്കളും തമ്മില്‍ വിലയുടെ പേരില്‍ തര്‍ക്കങ്ങളും വാഗ്വാദങ്ങളും വ്യാപകമാകുന്നു.
12 രൂപയായി വില കുറക്കുമെന്ന കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനാണ് കച്ചവടക്കാര്‍ പുല്ലുവിലപോലും കല്‍പ്പിക്കാത്തത്. ഈ നിര്‍ദേശം കമ്പനികള്‍ക്ക് അസോസിയേഷന്‍ കൈമാറുകയും ചെയ്തിരുന്നു. ജി.എസ്.ടിയിലെ ഇളവും കുത്തക കമ്പനികളോടുള്ള മത്സരത്തിന്റെ ഭാഗമായിട്ടുമായിരുന്നു വിലകുറയ്ക്കല്‍. എന്നാല്‍ ഇതുവരെ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ കുപ്പിവെള്ളം ലഭ്യമായിട്ടില്ല. കടകളില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് ഇപ്പോഴും 20 രൂപ തന്നെയാണ് ഈടാക്കുന്നത്. കുപ്പിവെള്ളത്തിനു വിലകുറച്ച വാര്‍ത്ത വായിച്ച് ഉപഭോക്താക്കള്‍ കച്ചവടക്കാരെ സമീപിക്കുമ്പോള്‍ എം.ആര്‍.പിയില്‍ മാറ്റം വരുത്തിയുള്ള പുതിയ കുപ്പികളെത്താതെ വില കുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
തങ്ങളില്‍ നിന്നു ലിറ്ററിന് 12 മുതല്‍ 15 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നതെന്നും ഇതു കുറച്ചാല്‍ മാത്രമെ 20 രൂപയില്‍ താഴെ വില്‍ക്കാന്‍ സാധിക്കൂവെന്നും വ്യാപാരികള്‍ പറയുന്നു. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി തുടങ്ങി മിക്കയിടങ്ങളിലും പഴയ വിലയില്‍ തന്നെയാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. കമ്പനികള്‍ തങ്ങള്‍ക്ക് വിലകുറച്ച് സാധനം എത്തിച്ചാല്‍ അതിനനുസരിച്ച് വിലകുറച്ച് വില്‍ക്കാന്‍ തയാറാണെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. എം.ആര്‍.പി വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരേ അധികൃതര്‍ക്ക് നടപടിയെടുക്കാമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ക്ക് എം.ആര്‍.പി മാറ്റാതെ തന്നെ വിലകുറച്ച് കമ്പനികള്‍ വെള്ളം നല്‍കുന്നുണ്ടെന്നും ഇത് മറച്ചുവച്ച് ഉപഭോക്താക്കളില്‍ നിന്ന് അമിതലാഭം ഈടാക്കുകയാണെന്നും പറയപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും സംസ്ഥാനത്തും പ്രത്യേകിച്ച് ജില്ലയിലും കുപ്പിവെള്ളക്കച്ചവടം കുതിച്ചുയരുകയാണ്. പ്രതിദിനം 35 കോടിയിലേറെ രൂപയുടെ കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. കുത്തകകളുള്‍പ്പെടെ 150 ലേറെ കമ്പനികള്‍ ഈ മേഖലയിലുണ്ട്. പല കമ്പനികളും മാര്‍ക്കറ്റിലിറക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് കോര്‍പറേഷനില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന തീര്‍ഥ കുടിവെള്ള പദ്ധതി ശ്രദ്ധേയമായ നിലയില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."